സൈക്കിളിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ടു എന്ന് ആരോപണം; ഏഴാം ക്ലാസ്സുകാരനെ സീനിയർ വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ചു; പ്രധാനാധ്യാപകനെതിരെ കേസ് | Corporal Punishment

കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രധാനാധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തു
crime
Updated on

ഹൈദരാബാദ്: ഹൈദരാബാദിലെ കൊംപള്ളി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ച പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു (Corporal Punishment). സൈക്കിളിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ടു എന്നാരോപിച്ചാണ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ നടപടിയുണ്ടായത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട മണ്ഡൽ എജ്യുക്കേഷൻ ഓഫീസറുടെ ചുമതല കൂടി വഹിക്കുന്ന കൃഷ്ണ എന്ന പ്രധാനാധ്യാപകനാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിലെ സൈക്കിൾ സ്റ്റാൻഡിൽ പരിശോധനയ്ക്കായി അധ്യാപകൻ അയച്ചതായിരുന്നു ഏഴാം ക്ലാസ്സുകാരനായ ഫനീന്ദ്ര സൂര്യയെ. എന്നാൽ കുട്ടി സൈക്കിളുകൾ നശിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മറ്റൊരു അധ്യാപകൻ സൂര്യയെ പിടിച്ച് പ്രധാനാധ്യാപകന്റെ മുന്നിലെത്തിച്ചു. കാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം, പത്താം ക്ലാസ്സിലെ ഒൻപത് വിദ്യാർത്ഥികളെ വിളിച്ചുവരുത്തിയ പ്രധാനാധ്യാപകൻ സൂര്യയെ വടികൊണ്ട് അടിക്കാൻ ഉത്തരവിടുകയായിരുന്നു.

ശരീരമാസകലം പരിക്കുകളേറ്റ സൂര്യ നിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട് ബഷീർബാഗ് പോലീസ് പ്രധാനാധ്യാപകനെതിരെയും മറ്റ് രണ്ട് അധ്യാപകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. ശാരീരിക ശിക്ഷ നിരോധിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കൃഷ്ണയെ ഉദ്യോഗത്തിൽ നിന്ന് എത്രയും വേഗം സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Summary

A shocking incident of corporal punishment was reported in a Hyderabad school where the principal, Krishna, allegedly ordered class 10 students to beat a class 7 boy. The student, Phanindra Surya, was wrongly accused of deflating bicycle tires and sustained severe injuries after being struck with a stick by nine seniors. Police have booked the principal and two teachers under the Juvenile Justice Act and Bharatiya Nyaya Sanhita following a complaint from the victim's father.

Related Stories

No stories found.
Times Kerala
timeskerala.com