ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന് ആശ്വാസം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി സസ്പെൻഡ് ചെയ്തു. സെൻഗാർ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.(Delhi High Court Suspends Life Sentence Of Kuldeep Singh Sengar In Unnao Rape Case)
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ തുകയുടെ മൂന്ന് ആൾജാമ്യവും ഹാജരാക്കണം. ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കാൻ പാടില്ല. പെൺകുട്ടിയെയോ അമ്മയെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. 2017-ലാണ് ഉത്തർപ്രദേശിലെ മാഖി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻഗാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പോലീസ് ആദ്യം വിസമ്മതിച്ചു. നീതി തേടി പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചത്. പെൺകുട്ടിയുടെ പിതാവിനെ സെൻഗാറിന്റെ സഹോദരനും സംഘവും മർദ്ദിക്കുകയും പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിതാവ് പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചു. ഈ കേസിൽ സെൻഗാറിന് ലഭിച്ച 10 വർഷം തടവുശിക്ഷയ്ക്കെതിരെയുള്ള അപ്പീലും കോടതിയുടെ പരിഗണനയിലാണ്. കേസ് വിവാദമായതോടെ ബിജെപി സെൻഗാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.