

ന്യൂഡൽഹി: പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിനെതിരെ (CIFCL) ഗുരുതര ആരോപണങ്ങളുമായി അന്വേഷണാത്മക വാർത്താ വെബ്‌സൈറ്റായ കോബ്ര പോസ്റ്റ് (Cobrapost). മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനി കഴിഞ്ഞ പത്ത് വർഷത്തിനിടെ 10,262 കോടി രൂപ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളിലേക്കും കുടുംബാംഗങ്ങളിലേക്കും വകമാറ്റിയെന്നാണ് ആരോപണം. കൂടാതെ, 25,000 കോടി രൂപയുടെ നിഗൂഢമായ ക്യാഷ് ഡിപ്പോസിറ്റുകൾ നടത്തിയതായും കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.
കോബ്ര പോസ്റ്റ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ ഇവയാണ്:
ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസ്, ചോള ബിസിനസ് സർവീസസ് തുടങ്ങിയ ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് കോടിക്കണക്കിന് രൂപ കൈമാറി. ഇതിൽ 4,103 കോടി രൂപ ചോള ബിസിനസ് സർവീസസ് മാത്രം സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ 14 ബാങ്കുകളിലായി 25,000 കോടി രൂപയുടെ പണമിടപാടുകൾ നടത്തിയതിൽ ക്രമക്കേടുണ്ടെന്ന് കോബ്ര പോസ്റ്റ് ആരോപിക്കുന്നു.
ഇഷ ഫൗണ്ടേഷൻ പോലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ചില ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്കും ഫണ്ട് നൽകിയതിൽ സുതാര്യത കുറവാണെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം, കോബ്ര പോസ്റ്റിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ പരവുമാണെന്ന് ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് കമ്പനി അധികൃതർ വ്യക്തമാക്കി. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണെന്നും എല്ലാ ഇടപാടുകളും നിയമവിധേയമായും ഓഡിറ്റിംഗിന് വിധേയമായും ആണ് നടക്കുന്നതെന്നും അവർ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. 50 ലക്ഷത്തിലധികം വരുന്ന ചെറുകിട വാഹന ഉടമകളിൽ നിന്നും സ്വയംതൊഴിൽ ചെയ്യുന്നവരിൽ നിന്നും പണമായി ലഭിക്കുന്ന തുക ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സാധാരണ നടപടിക്രമമാണെന്നും കമ്പനി വിശദീകരിച്ചു. നിലവിൽ 14,900 കോടി രൂപയുടെ പണശേഖരം കമ്പനിയുടെ പക്കലുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Investigative website Cobrapost has alleged a major governance lapse at Cholamandalam Investment & Finance (Murugappa Group), claiming over ₹10,262 crore was routed through related party transactions over a decade. The report also highlighted ₹25,000 crore in cash deposits across 14 banks, raising regulatory concerns. However, Cholamandalam has strongly refuted these claims as "malicious and baseless," maintaining that its financial health is robust and all transactions comply with statutory norms.