കോട്ടയം: കനത്ത മഴയ്ക്ക് ശമനമായി മീനച്ചിലാറ്റിൽ വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും, പ്രളയത്തിന് പിന്നാലെ ദുരിതക്കയത്തിലായി കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾ. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ പ്രദേശങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും കനത്ത ചെളി അടിഞ്ഞുകൂടിയതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.(Kottayam Rain Relief Flood Damage In Erattupetta And Pala As Water Recedes)
ഇന്നലെ രാത്രിയിൽ അപ്രതീക്ഷിതമായി ഇരച്ചുകയറിയ വെള്ളം വൻ നാശനഷ്ടങ്ങളാണ് ഈരാറ്റുപേട്ടയിലുണ്ടാക്കിയത്. മീനച്ചിലാറിനോട് ചേർന്നു കിടക്കുന്ന കാരയ്ക്കാട് പ്രദേശത്താണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. നാട്ടിലുടനീളം ശുചീകരണ ജോലികൾ പുരോഗമിക്കുകയാണെങ്കിലും മുൻപത്തേക്കാൾ കൂടുതൽ ചെളിയാണ് ഇത്തവണ അടിഞ്ഞുകൂടിയിരിക്കുന്നത്. നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറുകയും ഭൂരിഭാഗം വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പ്രദേശവാസികൾ ആശ്രയിച്ചിരുന്ന വട്ടിവട്ട പാലം പൂർണ്ണമായും തകർന്നു. കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളും പോസ്റ്റുകളും തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കുടിവെള്ള കിണറുകൾ ഇടിയുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലും പാലായിലുമായി ഇരുന്നൂറോളം കടകളിലാണ് വെള്ളം കയറിയത്. ഓണവിപണി ലക്ഷ്യമിട്ട് വൻതോതിൽ വസ്ത്രങ്ങളും മറ്റ് ഉൽപന്നങ്ങളും സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
പാലാ കൊട്ടാരമറ്റത്തും മുത്തോലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ബ്രില്യന്റ് സ്റ്റഡി സെന്ററിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ മേഖലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ താഴ്ന്ന പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർന്നിട്ടുണ്ട്. മീനച്ചിലാറ്റിൽ രണ്ടര അടിയോളം വെള്ളം താഴ്ന്നുവെങ്കിലും ശക്തമായ കുത്തൊഴുക്ക് ഇപ്പോഴും തുടരുകയാണ്.
Story Summary
Although rain subsides in Kottayam, heavy flood damage has thrown life out of gear in Eastern regions like Erattupetta, Pala, and Kanjirappally. Over 150 houses and 200 shops suffered severe loss due to muddy floodwaters, while lower western regions face fresh flooding threats.


