ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡ് പൂർണ്ണമായും മണ്ണടിഞ്ഞു പോകുകയായിരുന്നു.(Landslide In Shivamogga Karnataka Kills Three Of Migrant Family Including Child)
കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിൽ നിന്നുള്ള മല്ലികാർജുന (35), ഭാര്യ നാഗവേണി (28), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഇവിടെ ഷെഡ് കെട്ടി താമസിച്ച് വരികയായിരുന്നു.
സംഭവം നടന്നയുടൻ തന്നെ പോലീസും ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. തൊട്ടടുത്ത ഷെഡിൽ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തീർത്ഥഹള്ളിയിലെ ജയചാമരാജേന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴക്കാലത്ത് ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ ജീവിക്കുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
Three members of a migrant worker’s family, including a three-year-old child, were killed after a rain-triggered landslide buried their temporary shed in Shivamogga, Karnataka. Another worker was severely injured and is undergoing treatment at a hospital in Thirthahalli.


