ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കർണാടകയിലെ സക്ലേശ്പുരിയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണു. സക്ലേശ്പുരിക്ക് സമീപം യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്ക് പൂർണ്ണമായും മണ്ണുമൂടിയതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.(Landslide In Sakleshpur Disrupts Mangaluru Bengaluru Train Traffic Trains Cancelled)
ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 8.45-ഓടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ റിലീഫ് ട്രെയിൻ സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും ട്രാക്കിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കും. ട്രെയിൻ തടസ്സപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
എസ്.എം.വി.ടി ബെംഗളൂരു – മുരുഡേശ്വർ എക്സ്പ്രസ്: ഹാസനിൽ യാത്ര അവസാനിപ്പിച്ചു.
കെ.എസ്.ആർ ബെംഗളൂരു – കോഴിക്കോട് എക്സ്പ്രസ്: ഹാസനിൽ യാത്ര അവസാനിപ്പിച്ചു.
വിജയപുര – മംഗളൂരു സെൻട്രൽ എക്സ്പ്രസ്: ഹാസനിൽ സർവീസ് അവസാനിപ്പിച്ചു.
കെ.എസ്.ആർ ബെംഗളൂരു – കാർവാർ എക്സ്പ്രസ്: സക്ലേശ്പുരിൽ യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ – എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ്: സുബ്രഹ്മണ്യ റോഡിൽ സർവീസ് അവസാനിപ്പിച്ചു.
കോഴിക്കോട് – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്: കബകപുത്തൂരിൽ യാത്ര അവസാനിപ്പിച്ചു.
ഞായറാഴ്ച പുറപ്പെടേണ്ട മംഗളൂരു ജങ്ഷൻ – യശ്വന്ത്പുര എക്സ്പ്രസ് (16540), യശ്വന്ത്പുര – മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (16575) എന്നിവ പൂർണ്ണമായും റദ്ദാക്കി.
Story Summary
A landslide triggered by heavy rains at Sakleshpur between Yedakumeri and Siribagilu blocked the railway tracks, disrupting train traffic between Mangaluru and Bengaluru. Several trains were either cancelled or short-terminated, while South Western Railway clears the track amidst continuing rainfall.


