റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച കൂറ്റൻ കുഴികൾ പൂർവ്വസ്ഥിതിയിലാക്കാത്തതിനാൽ മഴവെള്ളം നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുമ്പോൾ മലയുടെ താഴ്വാരങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകുന്നത് വലിയ ദുരന്തഭീതിയാണ് ഉയർത്തുന്നത്.
നാട്ടുകാരുടെ പരാതിയെയും ഭയപ്പാടിനെയും തുടർന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വാഴക്കാട് വില്ലേജ് ഓഫീസർ മനോജ് കുമാർ, വി.എ. റഷീദ്, സാമൂഹിക പ്രവർത്തകൻ അൽ ജമാൽ നാസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമായ രീതിയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫീസർ ഫോണിലൂടെ ഖനന ഉടമയോട് ആവശ്യപ്പെട്ടു.
അതേസമയം, ഖനനത്തിനു ശേഷം കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ക്വാറി ഉടമകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതര അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലമുകളിലെ ജലബോംബിന് സമാനമായ കുഴികൾ എത്രയും വേഗം നികത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Story Summary: Residents near Mudakkozhimala in Vazhakkad, Malappuram, are living in fear due to waterlogged laterite quarries left unrestored after mining was halted by court order. Following an inspection by local panchayath representatives and the village officer, strict instructions were issued to the quarry owners to restore the land immediately.


