ന്യൂഡൽഹി: ആർ.എ.സി ടിക്കറ്റിൽ യാത്ര ചെയ്ത അപരിചിതരായ രണ്ട് യാത്രികർക്ക് ഒരു ബ്ലാങ്കറ്റ് മാത്രം നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് വൻ തിരിച്ചടി. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സേവന വൈകല്യമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തുന്നതിനുള്ള ചെലവും നൽകാൻ റെയിൽവേയോട് ഉത്തരവിട്ടു.(Delhi Consumer Commission Fines Indian Railways Blanket Sharing RAC Passenger)
2022 ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രയാഗ്രാജിൽ നിന്ന് ഡൽഹിയിലേക്ക് എ.സി കോച്ചിൽ യാത്ര ചെയ്ത പരാതിക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റൊരു ആർ.എ.സി യാത്രികനും ചേർന്ന് ഒരു ബ്ലാങ്കറ്റും ഒരു തലയണയും മാത്രമാണ് ബെഡ്റോൾ അറ്റൻഡന്റ് നൽകിയത്. അപരിചിതനായ വ്യക്തിയുമായി ബ്ലാങ്കറ്റ് പങ്കിടാൻ സാധിക്കില്ലെന്നും വേറെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടും അറ്റൻഡന്റും ടി.ടി.ഇയും അത് നിരസിക്കുകയായിരുന്നു.
2009-ലെ റെയിൽവേ സർക്കുലർ പ്രകാരം എ.സി കോച്ചുകളിൽ ആർ.എ.സി ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും പ്രത്യേകം ബ്ലാങ്കറ്റും ബെഡ്ഷീറ്റും നൽകാൻ ബാധ്യതയുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ടിക്കറ്റ് നിരക്കിൽ ബെഡ്റോൾ ചാർജ്ജ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയത് അപലപനീയമാണ്. പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും 20,000 രൂപ നഷ്ടപരിഹാരമായും കേസ് നടത്താൻ ചെലവായ 5,000 രൂപ കോടതി ചെലവായും റെയിൽവേ നൽകണമെന്ന് കമ്മീഷൻ പ്രസിഡന്റ് മോനിക അഗർവാൾ ശ്രീവാസ്തവ ഉത്തരവിട്ടു.
Story Summary
The Delhi Consumer Disputes Redressal Commission held Indian Railways liable for deficiency in service after an RAC passenger was forced to share a single blanket with an unrelated co-passenger during an AC train journey. Ordering Railways to pay ₹25,000 in total compensation and litigation costs, the commission noted that railway guidelines explicitly mandate providing separate blankets to all RAC passengers since bedroll charges are included in the ticket fare.


