ടെഹ്റാൻ: ദിവസങ്ങൾ നീണ്ട താരതമ്യേന ശാന്തമായ സാഹചര്യത്തിന് ശേഷം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സൈനിക നടപടി ( US Fresh Strikes On Iran). ഇതോടെ അഞ്ച് മാസമായി തുടരുന്ന സംഘർഷം വീണ്ടും സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ശക്തമായി.
ജോർദാനിൽ അമേരിക്കൻ സൈനികർ തമ്പടിച്ചിരിക്കുന്ന താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനെ “വളരെ ശക്തമായി ആക്രമിക്കുമെന്ന്” ട്രംപ് മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കകമാണ് അമേരിക്കയുടെ പുതിയ ആക്രമണം ഉണ്ടായത്.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ വിവരമനുസരിച്ച്, രണ്ട് മണിക്കൂറിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ബന്ധമുള്ള ഡസൻകണക്കിന് കേന്ദ്രങ്ങളാണ് ആക്രമിച്ചത്. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ, തീരനിരീക്ഷണ കേന്ദ്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായിരുന്നുവെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ ഖെഷം ദ്വീപിൽ ആക്രമണത്തെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിന് പുറമെ വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ സായുധ സംഘങ്ങൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും ചേർന്ന് ബുധനാഴ്ച ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും അമേരിക്കൻ സൈനിക നടപടി ഉണ്ടായത്. ഇറാഖിലെ ആക്രമണത്തിൽ കുറഞ്ഞത് 20 സായുധ പ്രവർത്തകരും ഇറാനിൽ നിന്നുള്ള ആറ് ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഈജിപ്തിലെ ദമിയറ്റ തുറമുഖത്തിന് സമീപം രണ്ട് പ്രകൃതി വാതക കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചു. അമേരിക്കൻ ഉടമസ്ഥതയിലുള്ള ഫ്ലോട്ടിങ് സ്റ്റോറേജ് സംവിധാനത്തിനും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറിനുമാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് സമുദ്രസുരക്ഷാ സ്ഥാപനമായ ആംബ്രി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. വാതകക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ഇറാനാണോ ഉത്തരവാദിയെന്ന ചോദ്യത്തിന്, “ഇത് മുമ്പ് നടന്നതിന്റെ തുടർച്ചയാണ്” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. “ഇനി തിരിച്ചടിക്കാനുള്ള ഊഴം ഞങ്ങളുടേതാണ്. അവരെ ശക്തമായി ആക്രമിക്കും,” അദ്ദേഹം പറഞ്ഞു.
Summary: The United States launched fresh strikes on Iranian military targets after Iran attacked a US military base in Jordan, ending a days-long pause in hostilities. The renewed attacks have heightened fears that the five-month conflict could widen further, while oil prices surged and regional tensions intensified across multiple fronts.


