ബെംഗളൂരു: ബിഹാർ സ്വദേശിനിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ചെന്ന് പൊലീസ്. ബെംഗളൂരു നഗരപ്രാന്തത്തിലെ കുമ്പളഗോഡു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം (Bengaluru Wife Murder Case). ദിവസങ്ങളോളം ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മരിച്ച യുവതിയെ ബിഹാർ സ്വദേശിനിയായ റീമ കുമാരി eന്ന് നിലയിൽ തിരിച്ചറിഞ്ഞു. ഭർത്താവ് ധീരജ് കുമാറാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഇയാൾ ബിഹാറിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
തൊഴിൽ തേടി ഏകദേശം ഒരു വർഷം മുൻപാണ് ഇരുവരും ബിഹാറിൽനിന്ന് ബെംഗളൂരുവിലെത്തിയത്. ഗെരുപാള്യയ്ക്ക് സമീപമുള്ള ഒരു ഫാക്ടറിയിൽ ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. നാലോ അഞ്ചോ ദിവസം മുൻപ് റീമ കുമാരിയെ ധീരജ് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറച്ച് ദിവസങ്ങളായി റീമ ജോലിക്ക് എത്താതിരുന്നത് സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് റീമയുടെ സുഹൃത്തും സഹപ്രവർത്തകയുമായ ഒരാൾ വ്യാഴാഴ്ച ഇവരുടെ വാടകവീട്ടിലെത്തി. വീട്ടിൽനിന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ ഇവർ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു.
വീട്ടുടമ വാതിൽ തുറന്നപ്പോൾ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ബെഡ്ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം വീടിനുള്ളിലെ ശുചിമുറിക്ക് സമീപമാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഞായറാഴ്ചയോടെയാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ നാല് ദിവസമായി റീമയെ കണ്ടിട്ടില്ലെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവതി മറ്റെവിടെയെങ്കിലും പോയിരിക്കാമെന്നാണ് ആദ്യം കരുതിയതെന്നും അവർ പൊലീസിനോട് പറഞ്ഞു. പ്രണയവിവാഹം കഴിച്ച ശേഷമാണ് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ദമ്പതികൾ സൗഹൃദപരമായാണ് ഇടപെട്ടിരുന്നതെന്നും ദിവസവും രാവിലെ ജോലിക്കുപോയി വൈകുന്നേരം മടങ്ങിവരാറുണ്ടായിരുന്നുവെന്നും അയൽവാസികൾ വ്യക്തമാക്കി.
ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.
മൃതദേഹം അഴുകിയ നിലയിലായതിനാൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമാക്കുന്നതിനും കൊലപാതകത്തിന് പിന്നിലെ സാഹചര്യം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രതിയെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതോടൊപ്പം കൊലപാതകത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമവും തുടരുന്നതായി പൊലീസ് അറിയിച്ചു.
Summary: A Bihar woman was allegedly murdered by her husband in Bengaluru, police said. Her decomposed body was found wrapped in a bedsheet inside their rented home after she remained absent from work for several days, while the accused is suspected to have fled to Bihar.


