ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026-ന്റെ ആറാം ദിനത്തിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യൻ സംഘം ഒരുങ്ങുന്നു. ബോക്സിങ്, അത്‌ലറ്റിക്സ്, നീന്തൽ, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യക്ക് ഇന്ന് മികച്ച പ്രതീക്ഷകളാണുള്ളത് (CWG 2026 India). ഇന്ത്യയുടെ മുൻനിര നീന്തൽ താരം സജൻ പ്രകാശ് പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ ഒമ്പതാം ഹീറ്റിലാണ് മത്സരിക്കുന്നത്. സെമിഫൈനലിലേക്ക് യോഗ്യത നേടുകയാണ് താരത്തിന്റെ ലക്ഷ്യം.
ബോക്സിങ്ങിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ ഇറങ്ങും. ഇവരിൽ വിജയിക്കുന്ന ഓരോ താരവും കുറഞ്ഞത് വെങ്കല മെഡലെങ്കിലും ഉറപ്പാക്കും. അത്‌ലറ്റിക്സിൽ വനിതകളുടെ ഹൈജംപ് ഫൈനലിൽ പൂജയും പുരുഷന്മാരുടെ 10,000 മീറ്റർ ഫൈനലിൽ ഗുൽവീർ സിങ്ങും മത്സരിക്കും. ഭാരോദ്വഹനത്തിലും ഇന്ത്യക്ക് ഇന്ന് രണ്ട് മെഡൽ പ്രതീക്ഷകളുണ്ട്. വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തിൽ നിരുപമ ദേവി സേരവും 69 കിലോഗ്രാം വിഭാഗത്തിൽ ഹർജീന്ദർ കൗറും ഫൈനലിൽ മത്സരിക്കും.
ഇതിനിടെ അഞ്ചാം ദിനം ഇന്ത്യയുടെ മെഡൽ നേട്ടം ശ്രദ്ധേയമായിരുന്നു. പാരാ അത്‌ലറ്റിക്സിലെ വനിതകളുടെ ഷോട്ട് പുട്ട് F57 വിഭാഗത്തിൽ ശർമിള ധങ്കർ സ്വർണം നേടിയപ്പോൾ, ജ്ഞാനേശ്വരി യാദവ് (വനിതാ 53 കിലോഗ്രാം ഭാരോദ്വഹനം), വല്ലൂരി അജയ ബാബു (പുരുഷൻമാർ 79 കിലോഗ്രാം ഭാരോദ്വഹനം), സർവേഷ് കുശാരെ (പുരുഷൻമാർ ഹൈജംപ്) എന്നിവർ വെള്ളി മെഡൽ സ്വന്തമാക്കി. ബിന്ദ്യാരാണി ദേവിയും ശിൽപ കെ. ഷൈലയുമാണ് വെങ്കല മെഡലുകൾ നേടിയത്.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി. നിലവിൽ രണ്ട് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്ന നിലയിലാണ് ഇന്ത്യൻ സംഘത്തിന്റെ പ്രകടനം. ഇന്ത്യയുടെ ആദ്യ പാരാ അത്‌ലറ്റിക്സ് കോമൺവെൽത്ത് സ്വർണം സ്വന്തമാക്കിയ ശർമിള ധങ്കറിനെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭിനന്ദിച്ചു. പോളിയോയെ അതിജീവിച്ചും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നും നേടിയ ഈ നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
Summary: India eyes more medals on Day 6 of the Commonwealth Games 2026 in Glasgow, with Sajan Prakash leading the swimming challenge. Indian athletes will also compete in boxing, athletics, and weightlifting after ending Day 5 with a tally of 10 medals.


