പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ അധ്യാപികയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത് (Self Attendance Board). ഡൽഹിയിലെ പ്രൈമറി സ്കൂൾ അധ്യാപികയായ സുമി സിയാഗാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. “My little ones, taking charge” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്കൂളിലെത്തുന്ന കുട്ടികൾ ക്ലാസ് മുറിയിൽ കയറിയ ഉടൻ അധ്യാപികയുടെ പേര് വിളി കാത്തുനിൽക്കാതെ നേരെ ഹാജർ ബോർഡിലേക്കാണ് പോകുന്നത്.
ചുമരിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോർഡിൽ ഓരോ വിദ്യാർഥിയുടെയും ഫോട്ടോ പതിപ്പിച്ച ചെറിയ മാച്ച് ബോക്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ബോക്‌സിനുള്ളിലും “A” (Absent), “P” (Present) എന്നിങ്ങനെ രണ്ട് അടയാളങ്ങളുണ്ട്. കുട്ടികൾ സ്വന്തം ഫോട്ടോ കണ്ടെത്തി ബോക്സ് തുറന്ന് “P” കാണുന്ന രീതിയിൽ മാറ്റിയ ശേഷം ശാന്തമായി ക്ലാസിൽ ഇരിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ ഒരുക്കിയ ഈ സംവിധാനം കുട്ടികളിൽ സ്വയം ഉത്തരവാദിത്തബോധവും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശീലവും വളർത്താൻ സഹായിക്കുന്ന മികച്ച മാതൃകയാണെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവരും സമൂഹമാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നു. ചെലവേറിയ ഡിജിറ്റൽ സംവിധാനങ്ങളില്ലാതെയും പഠനരീതിയിൽ പുതുമ കൊണ്ടുവരാൻ കഴിയുമെന്ന് ഈ ആശയം തെളിയിക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം ഏകദേശം 2.7 കോടി ആളുകൾ കണ്ടുകഴിഞ്ഞു. “പ്രൈമറി ക്ലാസുകളിലെ ഹാജർ സംവിധാനം കൂടുതൽ രസകരവും കുട്ടികളിൽ സ്വയംബോധം വളർത്തുന്നതുമായ ആശയമാണ് ഇത്”, “ഗവേഷണങ്ങൾ പറയുന്ന കൈകൊണ്ട് ചെയ്യുന്ന പഠനരീതിയുടെ മികച്ച ഉദാഹരണമാണ്” തുടങ്ങിയ അഭിപ്രായങ്ങളാണ് കമന്റ് വിഭാഗത്തിൽ നിറയുന്നത്. അതേസമയം, “ഇനി പ്രോക്സി ഹാജർ ഇടുന്നത് കൂടുതൽ എളുപ്പമാകും” എന്ന തമാശ നിറഞ്ഞ പ്രതികരണവും ചിലർ പങ്കുവെച്ചിട്ടുണ്ട്. എങ്കിലും വിദ്യാർഥികളിൽ ഉത്തരവാദിത്തവും പങ്കാളിത്തവും വളർത്തുന്ന ഈ വ്യത്യസ്ത ആശയം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.


