ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Rahul Gandhi Slams PM Modi Fast Track Courts Paper Leak)
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈയ്യടക്കാനും സർക്കാർ അനുവാദം നൽകിയെന്നും ഇതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വീണ്ടും ഉന്നയിച്ച അദ്ദേഹം മൂന്ന് പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ അട്ടിമറിക്ക് ഇരയായ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാർക്കും അക്രമികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുക എന്നിവയാണവ. അതേസമയം, വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റ് കവാടത്തിൽ ഭരണപക്ഷ-പ്രതിപക്ഷ എം.പിമാർ തമ്മിൽ നേർക്കുനേർ കടുത്ത മുദ്രാവാക്യം വിളിയും പ്രതിഷേധവും. ബി.ജെ.പി – കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ ഉയർന്നതോടെ എം.പിമാർക്കിടയിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടാണ് വലിയ സംഘർഷത്തിലേക്ക് നീങ്ങാതെ സ്ഥിതിഗതികൾ ശാന്തമാക്കിയത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും അദ്ദേഹം പരിഹസിച്ചു. “പ്രക്ഷോഭങ്ങൾ ശക്തമായ ഇപ്പോഴാണോ ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്?” എന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.
Story Summary
Leader of Opposition Rahul Gandhi launched a scathing attack on Prime Minister Narendra Modi over his announcement to set up fast-track courts for paper leak cases. Rahul Gandhi alleged that the PM ruined the youth’s future and demanded the resignation of Education Minister Dharmendra Pradhan alongside action against those who assaulted protesting students.


