തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ക്രൂശിക്കുന്നതെന്നും, 2019-ലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ കാരണക്കാരായ ബോർഡിനെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പ്രതിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.(PS Prashanth Clarification On Sabarimala Gold Theft Case)
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ രക്തം വീഴുന്ന അശുദ്ധി മാറ്റാനാണ് തങ്ങളുടെ ബോർഡ് ശ്രമിച്ചതെന്ന് പി.എസ്. പ്രശാന്ത് വിശദീകരിക്കുന്നു. 2025-ൽ ശിൽപ്പങ്ങൾ നവീകരണത്തിനായി കൊണ്ടുപോയതിൽ ദേവസ്വത്തിന് ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ലെന്നും തിരിച്ചെത്തിച്ചപ്പോൾ ഭാരവും സ്വർണ്ണത്തിന്റെ അളവും വർദ്ധിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച മാത്രമാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ തിരച്ചിലിലാണ് 2019-ലെ സ്വർണ്ണ മോഷണ വിവരങ്ങൾ പുറത്തുവരുന്നത്. ആ കേസിലെ ഫയലുകൾ കൃത്യമായി കോടതിയിലും എസ്.ഐ.ടിക്ക് മുന്നിലും ഹാജരാക്കിയത് തങ്ങളുടെ ബോർഡാണെന്നും, ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരം സുതാര്യമായ നടപടികൾ സ്വീകരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിക്ക് മുന്നിലുള്ള കേസിൽ പൂർണ്ണമായും സഹകരിക്കുമെന്നും എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Former Travancore Devaswom Board President PS Prashanth denied involvement in the Sabarimala gold theft case, claiming he is being framed due to political pressure. He clarified that his board acted transparently to repair the Dwarapalaka sculptures without causing any financial loss to the Devaswom and pledged full cooperation with the court.


