ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡൽഹിയിൽ കൂടുതൽ ശക്തമാകുന്നു. കോക്റോച്ച് ജനതാ പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നതോടെ ആയിരക്കണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്.(Central Education Minister Dharmendra Pradhan Resignation Demand CJP Protest)
പ്രതിഷേധം കനത്തതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ താൽക്കാലികമായി റദ്ദാക്കി. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പാർട്ടിയും സമരം ശക്തമാക്കുകയാണ്. രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റിന്റെ അകത്തും പുറത്തും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിനിടെ, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയാൽ നിരാഹാര സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. പാർലമെന്റിന്റെ ഇരുസഭകളിലും നീറ്റ് വിഷയവും വിദ്യാർത്ഥി പ്രക്ഷോഭവും ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതോടെ വരും ദിവസങ്ങളിലും സഭാ നടപടികൾ തടസ്സപ്പെടാനാണ് സാധ്യത. പ്രതിപക്ഷ ബഹളം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര സർക്കാരിന് പ്രധാനപ്പെട്ട ബില്ലുകളൊന്നും സഭയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല. സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി സ്പീക്കറുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കളുമായി അനുനയ ചർച്ചകൾ നടക്കുമെന്നാണ് സൂചന. ക്രമസമാധാന പാലനത്തിനായി തലസ്ഥാനത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Story Summary
Protests demanding the resignation of Union Education Minister Dharmendra Pradhan over paper leak controversies have intensified, with CJP’s agitation at Jantar Mantar entering its 34th day. Congress and other opposition parties are set to raise the issue in Parliament, while Sonam Wangchuk expressed willingness to end his hunger strike if student protesters are assured no action will be taken.


