ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്ട്) നേരിട്ടെത്തി. ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിന്റെ ഭാഗമായാണ് അദ്ദേഹം പ്രതിഷേധവേദിയിലെത്തിയത് (Hanumankind Delhi Protest). ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയും മുഖം മറയ്ക്കുന്ന മാസ്കും ധരിച്ചായിരുന്നു ഹനുമാൻകൈൻഡ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധ സ്ഥലത്തെ ദൃശ്യങ്ങൾ പിന്നീട് അദ്ദേഹം സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു.
പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും ഹനുമാൻകൈൻഡ് ശക്തമായി വിമർശിച്ചു. “നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ എത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ബലപ്രയോഗം നടത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. മെച്ചപ്പെട്ട സാഹചര്യങ്ങൾ ആവശ്യപ്പെടുകയും അതിന് വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നത് കുറ്റമല്ല,” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. പോലീസ് നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന വിദ്യാർഥികളുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. “പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനും ലാത്തിച്ചാർജ് നടത്തുന്നതിനും തൊട്ടുമുമ്പുള്ള ദൃശ്യം,” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
even Hanumankind rapper came in relly but our dear celkebs not saying a word okk saale jo celeb bol nahi rahe meri feed me mat aa jaaiyo esi gaaliya dungi #DharmendraPradhanResignpic.twitter.com/00HX5se0Mr
— COCOˡᵃᵐʳᵒⁿ🍪⁷ (@blackrosses777) July 21, 2026
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജ്, നടി ഷബാന ആസ്മി എന്നിവർ പ്രതിഷേധവേദിയിൽ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം, ഹൃതിക് റോഷൻ, ദിൽജിത് ദോസാഞ്ച്, വിർ ദാസ്, ദിഷ പഠാണി തുടങ്ങിയ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ സൂരജ് ചെറുകാട്ട്, ഹനുമാൻകൈൻഡ് എന്ന പേരിലാണ് ആഗോള സംഗീതരംഗത്ത് ശ്രദ്ധേയനായത്. ‘Big Dawgs’ എന്ന റാപ്പ് ഗാനത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്. തുടർന്ന് വിവിധ സംഗീത-സിനിമാ പദ്ധതികളുടെ ഭാഗമായ അദ്ദേഹം മലയാള ചിത്രമായ ‘റൈഫിൾ ക്ലബ്’ ഉൾപ്പെടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Summary: Malayali rapper Hanumankind joined the student protest at Delhi’s Jantar Mantar in support of demonstrators. Criticising the police crackdown, he said peaceful protest is a democratic right and shared videos from the protest site on social media.


