ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വ്യാഴാഴ്ച രാത്രി പോലീസും ക്രിമിനലുകളും തമ്മിലുണ്ടായ വൻ ഏറ്റുമുട്ടലിൽ നാല് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു. ഇരുവിഭാഗവും തമ്മിൽ 60 റൗണ്ടോളം വെടിവെപ്പ് നടത്തിയ പോരാട്ടത്തിൽ മൂന്ന് പോലീസുകാർക്ക് വെടിയേറ്റ് പരിക്കേറ്റു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിൽ രാത്രി 9:30 ഓടെയായിരുന്നു സംഭവം. വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന അധോലോക ഗുണ്ടാത്തലവൻ ദീപക് നന്ദലിന്റെ സംഘത്തിലെ അഞ്ച് ഷൂട്ടർമാരാണ് പോലീസുമായി ഏറ്റുമുട്ടിയത്.(Gurugram Police Encounter Four Shooters Of Deepak Nandal Gang Killed Three Cops Injured)
ആയുധധാരികളായ അക്രമിസംഘം സ്കോർപിയോ എസ്യുവിയിൽ പ്രദേശത്ത് എത്തിയതായി ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി ഉപരോധം ഏർപ്പെടുത്തുന്നതിനിടെ, അക്രമികൾ അവിടെയുള്ള ഒരു പ്രമുഖ വ്യവസായിയുടെ വീടിന് നേരെ വെടിയുതിർത്തു. ഈ വ്യവസായിക്ക് വിദേശത്തുള്ള ഗ്യാങ്സ്റ്ററിൽ നിന്ന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. അക്രമികളെ പോലീസ് വളയുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും, ഇവർ പോലീസിന് നേരെ തുരുതുരാ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഷൂട്ടർമാർക്കും വെടിയേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരണപ്പെട്ടു. അഞ്ചാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഫോറൻസിക്, ഇൻവെസ്റ്റിഗേഷൻ സംഘങ്ങൾ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടവരിൽ നിന്ന് വിദേശനിർമ്മിതമായ അഞ്ച് പിസ്റ്റളുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Story Summary
Four shooters belonging to the foreign-based Deepak Nandal gang were killed and another was injured during a fierce encounter with Gurugram police in Sushant Lok Phase-2. The suspects opened fire at a businessman’s house and later engaged in a 60-round gunfight with law enforcement, leaving three police personnel injured. Police recovered five foreign-made pistols from the scene, and further investigation is underway.

