HomeNational12 ശതമാനത്തിലേറെ ആൽക്കഹോൾ ഉള്ള മരുന്നുകൾ ഇനിമുതൽ ഷെഡ്യൂൾ H1 ഗണത്തിൽ:...

12 ശതമാനത്തിലേറെ ആൽക്കഹോൾ ഉള്ള മരുന്നുകൾ ഇനിമുതൽ ഷെഡ്യൂൾ H1 ഗണത്തിൽ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം | Schedule H1 drugs India

ന്യൂഡൽഹി: ചുമയ്ക്കുള്ള സിറപ്പുകൾ ഉൾപ്പെടെ ആൽക്കഹോൾ അടങ്ങിയ വിവിധ തരം ദ്രവരൂപത്തിലുള്ള മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിനായി 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 12 ശതമാനത്തിൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ അടങ്ങിയതും 30 മില്ലി ലിറ്ററിൽ കൂടുതൽ അളവുള്ളതുമായ എല്ലാ മരുന്നുകളെയും ഇനി മുതൽ ‘ഷെഡ്യൂൾ എച്ച് 1’ ഗണത്തിൽ ഉൾപ്പെടുത്തി നിയന്ത്രിക്കും.(Schedule H1 drugs India, Central Government Amends Drugs Rules)

ചിലതരം കഫ് സിറപ്പുകളും ടോണിക്കുകളും ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മറ്റ് മരുന്നുകളും ലഹരിക്കായും മറ്റും വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (DTAB) അടക്കമുള്ള നിയന്ത്രണ സമിതികളുടെ ശുപാർശകൾ പരിഗണിച്ചാണ് ഈ മാറ്റം.

ഇത്തരം മരുന്നുകൾ ഇനി മുതൽ അംഗീകൃത ഡോക്ടറുടെ സാധുവായ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ. കൗണ്ടറുകളിലൂടെ നേരിട്ടുള്ള വിൽപന പൂർണ്ണമായി നിരോധിച്ചു. ഈ മരുന്നുകളുടെ വിൽപന രേഖപ്പെടുത്താൻ ഫാർമസികളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. മരുന്ന് വാങ്ങാൻ കൊണ്ടുവരുന്ന കുറിപ്പടിയും അതിന്റെ വിൽപന വിവരങ്ങളും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് എങ്കിലും പരിശോധനകൾക്കായി ഫാർമസികൾ സൂക്ഷിച്ചുവെക്കേണ്ടതുണ്ട്.

ആന്റിബയോട്ടിക്കുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവയ്ക്കുള്ള അതേ കർശനമായ വിൽപന നിയന്ത്രണങ്ങളാണ് ഇനി മുതൽ ഈ ആൽക്കഹോൾ അടങ്ങിയ മരുന്നുകൾക്കും ബാധകമാകുക. എന്നാൽ ഈ മരുന്നുകൾ നിരോധിക്കുകയോ അവ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയോ അല്ല സർക്കാർ ചെയ്തിട്ടുള്ളത്. മറിച്ച്, അർഹരായ രോഗികൾക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ കൃത്യമായ അളവിൽ മാത്രം മരുന്ന് ലഭ്യമാക്കുകയും ലഹരി ആവശ്യങ്ങൾക്കായി ഇവ വിറ്റഴിക്കുന്നത് തടയുകയുമാണ് ഇതിന്റെ ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സ്ഥിരതയ്ക്കും ചേരുവകൾ ലയിപ്പിക്കുന്നതിനുമാണ് സാധാരണയായി മരുന്നുകളിൽ എഥൈൽ ആൽക്കഹോൾ ഉപയോഗിക്കുന്നത്. എന്നാൽ അനിയന്ത്രിതമായ ഇതിന്റെ ഉപയോഗം പ്രത്യേകിച്ച് കുട്ടികളിലും മുതിർന്നവരിലും കരൾ രോഗമുള്ളവരിലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

Story Summary

The Central Government has amended the Drugs Rules, 1945, placing all oral medicinal formulations containing more than 12% ethyl alcohol and sold in bottles larger than 30 ml under Schedule H1. This regulatory shift aims to curb the misuse of high-alcohol cough syrups and tonics by making them prescription-only drugs. Pharmacies must now maintain dedicated registers for these sales and retain medical prescriptions for at least three years.

Clickable Info Box