പട്ന: ബിഹാറിൽ ട്രെയിൻ യാത്രയ്ക്കിടെ തനിക്കുണ്ടായ തുടർച്ചയായ മോശം അനുഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ തുറന്നെഴുതി ഒരു യുവതി. തനിച്ചുള്ള ട്രെയിൻ യാത്രകളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും ചില പുരുഷന്മാരുടെ വൈകൃത മാനസികാവസ്ഥയെക്കുറിച്ചും ചർച്ച ചെയ്യുന്നതാണ് യുവതിയുടെ ഈ വിശദമായ സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിനോടകം നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.(Young Woman Shares Harassment Experience On Train Journey In Bihar Instagram Post Goes Viral)
യുവതിയുടെ പോസ്റ്റ് പ്രകാരം ജൂലൈ 3-നായിരുന്നു സംഭവം. സിവാനിൽ നിന്നും പട്‌ലിപുത്രയിലേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിൻ കയറിയ ഉടൻ മുകളിലത്തെ ബർത്തിൽ കിടന്നുറങ്ങിയ യുവതി, ട്രെയിൻ ഛപ്രയിൽ എത്തിയപ്പോഴാണ് ഉണരുന്നത്. ഈ സമയം താഴത്തെ സീറ്റുകളിൽ പ്രായമായ ചില പുരുഷന്മാർ വന്നിരുന്നിട്ടുണ്ടായിരുന്നു.
താൻ ഉറങ്ങുന്ന സമയം നോക്കി താഴെയിരുന്ന മുതിർന്ന ഒരാൾ തന്റെ കൈകൾ മുകളിലേക്ക് നീട്ടി ശരീരത്തിൽ പലതവണ മോശമായി സ്പർശിച്ചതായി യുവതി ആരോപിക്കുന്നു. “കൈ താഴെ വെക്കൂ അങ്കിൾ എന്ന് ഞാൻ വളരെ മാന്യമായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അയാൾ അത് പൂർണ്ണമായി അവഗണിച്ചു. പിന്നീട് മുൻഭാഗത്ത് കൂടെ എന്നെ സ്പർശിക്കാൻ ശ്രമിച്ചതോടെ ഞാൻ കടുത്ത അസ്വസ്ഥതയിലായി,” യുവതി കുറിച്ചു.
കുറച്ചുസമയത്തേക്ക് ശല്യം മാറിയെങ്കിലും പിന്നീട് അയാൾ വീണ്ടും അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഇതോടെ ബർത്തിന്റെ ഏറ്റവും അറ്റത്തേക്ക് മാറി ഇരുന്ന യുവതിയെ ഞെട്ടിച്ചുകൊണ്ട് താഴെയിരുന്ന മറ്റൊരു പ്രായമായ വ്യക്തിയും മുകളിലേക്ക് കൈ നീട്ടി മോശമായി സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർച്ചയായ അതിക്രമങ്ങളെത്തുടർന്ന് ആ കമ്പാർട്ട്മെന്റ് ഉപേക്ഷിക്കാൻ യുവതി തീരുമാനിച്ചു. അടുത്ത കോച്ചിൽ കടുത്ത തിരക്കായതിനാൽ ഒടുവിൽ ഒരു എസി കോച്ചിന്റെ പ്രവേശന കവാടത്തിന് സമീപമാണ് യുവതിക്ക് ഇരിക്കാൻ ഇടം ലഭിച്ചത്. എന്നാൽ അവിടെയും യുവതിയെ കാത്തിരുന്നത് മറ്റൊരു ദുരനുഭവമായിരുന്നു.
ഒരു പരീക്ഷാ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്ന് പരിചയപ്പെടുത്തി ഒരു യുവാവ് യുവതിയുടെ അരികിലെത്തി. പണം നൽകിയാൽ പരീക്ഷ പാസാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത അയാൾ, നിരന്തരം യുവതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. “എനിക്ക് യാതൊരു സഹായവും വേണ്ടെന്ന് പറഞ്ഞ് പലതവണ ഞാൻ വിസമ്മതിച്ചു. എന്നാൽ ഒരു സഹോദരനെപ്പോലെ എങ്കിലും തന്റെ നമ്പർ ഫോണിൽ സേവ് ചെയ്യണം, ഭാവിയിൽ ഉപകരിക്കും എന്നുപറഞ്ഞ് അയാൾ നിർബന്ധിച്ചുകൊണ്ടേയിരുന്നു,” യുവതി എഴുതുന്നു. ഒടുവിൽ ദിഗ്വാര സ്റ്റേഷനിൽ അയാൾ ഇറങ്ങിപ്പോയതിന് ശേഷമാണ് തനിക്ക് നേരിയ തോതിലെങ്കിലും സുരക്ഷിതത്വം തോന്നിയതെന്ന് യുവതി വ്യക്തമാക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച ശേഷം, സമൂഹത്തോട് വലിയൊരു ചോദ്യം ഉന്നയിച്ചാണ് യുവതി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. “ചോദ്യം ഇതാണ്… പെൺകുട്ടികൾക്ക് ട്രെയിനുകളിൽ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണോ? ഇന്നത്തെ ചില പുരുഷന്മാരുടെ മാനസികാവസ്ഥ എന്താണ്?” യുവതി ചോദിക്കുന്നു. യുവതിയുടെ പോസ്റ്റിന് താഴെ കടുത്ത പ്രതിഷേധവും ആശങ്കയുമറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
Story Summary
A young woman’s Instagram post detailing her harrowing experiences during a train journey from Siwan to Patliputra in Bihar has sparked widespread concern over women’s safety. She alleged that she was inappropriately touched by elderly men while sleeping on the upper berth, and later harassed for her phone number by another man after shifting to a different coach.


