ബെംഗളൂരു: നഗരത്തിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് നൈജീരിയൻ പൗരന്മാരും ഒരു മലയാളിയും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ മറ്റു 13 പേരും പിടിയിലായിട്ടുണ്ട്.(Bengaluru CCB seizes drugs worth 25 crore and arrests four people)
മദനനായകനഹള്ളിയിൽ നടത്തിയ റെയ്ഡിൽ 21 കോടി രൂപ വിലമതിക്കുന്ന 10.27 കിലോ എംഡിഎംഎ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു. നൈജീരിയൻ സ്വദേശികളായ അംബേമോ ജെല വിക്ടർ (37), ചിമെ എൻഡുബുൻസി മോസസ് (36), കാരികരി അമെസ് (33) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ, ടൂറിസ്റ്റ് വിസകളിൽ ഇന്ത്യയിലെത്തിയ ഇവർക്ക് ഡൽഹിയിലുള്ള മറ്റൊരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ബനസവാടിയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 2 കോടി രൂപ വിലമതിക്കുന്ന 2.044 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി യുവാവിനെ പിടികൂടി. മുഹമ്മദ് ഒമറുള്ള ഫാറൂഖ് (25) ആണ് അറസ്റ്റിലായത്. നാലു മാസം മുൻപ് ബെംഗളൂരുവിലെത്തിയ ഇയാൾ, തായ്ലൻഡിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന കേരളത്തിലെ ഒരു ഇടനിലക്കാരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നത്.
ഇതുകൂടാതെ, നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മറ്റ് 13 ലഹരി വിൽപനക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. എസിപി എൽ.വൈ രാജേഷിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ പ്രവീൺ സി. ടയാലിഗർ, മഞ്ചപ്പ സി.എ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡുകൾക്ക് നേതൃത്വം നൽകിയത്.
Story Summary
The Bengaluru Central Crime Branch (CCB) has arrested four individuals, including three Nigerian nationals and one Kerala native, in two major drug busts. Officers seized MDMA crystals and hydroponic ganja worth approximately Rs 25 crore, uncovering networks linked to sources in Delhi and Thailand.

