കൊച്ചി: മലയാളികളുടെ പ്രിയതാരം സലിം കുമാറിന് വിടചൊല്ലി നാടും നഗരവും. പറവൂർ ടൗൺ ഹാളിലെ പൊതുദർശന വേദിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് വികാരനിർഭരമായ നിമിഷമായി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് വികാരാധീനനായി മുഖ്യമന്ത്രി പറഞ്ഞു.(Salim Kumar funeral, Chief Minister VD Satheesan Pays Emotional Tribute To Close Friend Salim Kumar)
അടിയുറച്ച കോൺഗ്രസുകാരനായിരുന്നു സലിം കുമാർ. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു, വി ഡി സതീശൻ പറഞ്ഞു. സതീശൻ മുഖ്യമന്ത്രിയായ ശേഷം നൽകിയ സ്വീകരണമാണ് സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.
ഏത് സംഘർഷഭരിതമായ സാഹചര്യത്തെയും തന്റെ നർമ്മബോധം കൊണ്ട് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിക്ക് അദ്ദേഹം അത്രമേൽ പ്രിയപ്പെട്ടവനായിരുന്നെന്നും, ഹാസ്യനടൻ എന്നതിലുപരി ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മഹാനായ ഒരു നടനാണെന്നും അദ്ദേഹം തെളിയിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉച്ചയോടെ ടൗൺ ഹാളിലെ പൊതുദർശനം അവസാനിപ്പിച്ച് ഭൗതിക ശരീരം വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യ നായർ തുടങ്ങി സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ടൗൺ ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ സലിം കുമാറിനെ സ്നേഹാദരങ്ങളോടെ അനുസ്മരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സലിം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് രേഖപ്പെടുത്തി.
Story Summary
Chief Minister V.D. Satheesan paid emotional tribute to his close friend and actor Salim Kumar at the Paravur Town Hall. Highlighting Salim Kumar’s unwavering political loyalty and unique sense of humor that could diffuse any tense situation, Satheesan described the late actor as a brother figure whose absence leaves a profound void in both his personal life and the Malayalam film industry.

