ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്റോച്ച് ജനതാ പാർട്ടി’ ജന്തർമന്ദറിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്ത്. പ്രതിഷേധിക്കുന്ന സിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്താൽ താൻ 42 ദിവസം നീണ്ടുനിൽക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് വാങ്ചുക്ക് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.(Sonam Wangchuk Warns Of Hunger Strike Over CJP Protest In Delhi)
ജൂൺ ആറിന് ജന്തർമന്ദറിൽ വെച്ച് നമ്മൾ കണ്ടുമുട്ടും. എന്നാൽ സിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കമെങ്കിൽ, എനിക്ക് താൽപ്പര്യമില്ലാത്ത ഒരു വഴിയിലേക്ക് മാറാൻ ഞാൻ നിർബന്ധിതനാകും. അത് 42 ദിവസം നീണ്ടുനിൽക്കുന്ന അനിശ്ചിതകാല നിരാഹാര സമരമായിരിക്കും, സോനം വാങ്ചുക്ക് വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ജന്തർമന്ദറിലേക്ക് പുറപ്പെട്ടു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. നൂറുകണക്കിന് അനുയായികൾ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം പൂർണ്ണമായും സമാധാനപരമായിരിക്കണമെന്ന് അഭിജിത്ത് ദീപ്കെ പ്രവർത്തകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ കുടിവെള്ളവും മൊബൈൽ ഫോണും പൂക്കളും കയ്യിൽ കരുതണം.
വടികളോ കല്ലുകളോ പോലെയുള്ള ആയുധങ്ങളുമായി ആരും പ്രതിഷേധത്തിലേക്ക് എത്തരുത്. അത്തരം വസ്തുക്കൾ ആരെങ്കിലും കൊണ്ടുവരുന്നുണ്ടെങ്കിൽ അവരുടെ ദൃശ്യങ്ങൾ പകർത്തി അടുത്തുള്ള പൊലീസിന് കൈമാറണമെന്നും അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ധർമ്മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ ക്രമക്കേടുകളും ഉന്നയിച്ച് സിജെപി നടത്തുന്ന ഈ സമരം ഡൽഹിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
Story Summary
Environmental activist Sonam Wangchuk has warned that he will launch a 42-day indefinite hunger strike if the police arrest leaders of the ‘Cockroach Janata Party’ (CJP) during their protest at Jantar Mantar. CJP founder Abhijit Deepke has arrived in Delhi to lead the peaceful demonstration, urging his supporters to maintain non-violence and cooperate with authorities as they protest against Union Education Minister Dharmendra Pradhan.

