ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു. 84 വയസ്സായിരുന്നു (Ajith Kumar mother passed away). വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കളെല്ലാം അരികിലുണ്ടായിരുന്നെങ്കിലും നടൻ അജിത് കുമാർ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നു. മാതാവിന്റെ വിയോഗവാർത്തയറിഞ്ഞ് അദ്ദേഹം അടിയന്തിരമായി ദുബായിൽ നിന്നും ചെന്നൈയിൽ എത്തിയിട്ടുണ്ട്. മകൻ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായി തിളങ്ങിനിൽക്കുമ്പോഴും, ആ സിനിമാലോകത്തിന്റെ തിളക്കത്തിൽ നിന്നെല്ലാം പൂർണ്ണമായി ഒഴിഞ്ഞുമാറി ലളിത ജീവിതം നയിച്ചവരായിരുന്നു അജിതിന്റെ മാതാപിതാക്കൾ. പൊതുപരിപാടികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ ഇവരുടെ സാന്നിധ്യം വളരെ അപൂർവ്വമായിരുന്നു.
മോഹിനിയുടെ നിര്യാണത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. “എന്റെ പ്രിയ സഹോദരൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ച വാർത്തയറിഞ്ഞ് ഞാൻ അതീവ ദുഃഖിതനായി. ജീവൻ നൽകി, മകൻ വലിയ ഉയരങ്ങൾ കീഴടക്കുന്നത് കണ്ട് സന്തോഷിച്ച അമ്മയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ ഉരുകുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. അമ്മയോടൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് താങ്ങായി നിലകൊള്ളട്ടെ. അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അഗാധമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നു” എന്ന് സ്റ്റാലിൻ എക്സിൽ (ട്വിറ്റർ) കുറിച്ചു. സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അജിതിനെ അനുശോചനം അറിയിക്കാൻ ചെന്നൈയിലെ വസതിയിലേക്ക് എത്തുന്നുണ്ട്.
Story Summary: Mohini Mani, mother of Tamil superstar Ajit Kumar, passed away at the age of 84 in Chennai due to age-related ailments. Tamil Nadu Chief Minister M.K. Stalin and several film personalities offered their condolences to the grieving family.

