കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിൽ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് അടിയന്തരമായി ഉപേക്ഷിച്ചു. മെയ് 15-ന് നടന്ന ഈ ഗുരുതരമായ സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടൽ മൂലം 189 സീറ്റുകളുള്ള ബോയിംഗ് 737 എൻ.ജി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.
മസ്കറ്റ് പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-712 വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ അതിവേഗത്തിൽ കുതിക്കുകയായിരുന്നു. സാധാരണയായി വിമാനം റൺവേയുടെ കൃത്യം മധ്യഭാഗത്തുകൂടിയാണ് ടേക്ക് ഓഫ് ചെയ്യേണ്ടത്. എന്നാൽ ഈ വിമാനം റൺവേയുടെ വലതുവശത്തേക്ക് നീങ്ങിപ്പോകുകയായിരുന്നു. തുടർന്ന് റൺവേയുടെ വശങ്ങളിൽ ഘടിപ്പിച്ചിരുന്ന ശക്തമായ ലൈറ്റുകളിലേക്ക് വിമാനം ഇടിച്ചുകയറി.
വലിയ ശബ്ദത്തോടെയുള്ള ഇടിയെത്തുടർന്ന് കോക്ക്പിറ്റിൽ വാണിംഗ് ലൈറ്റുകൾ തെളിഞ്ഞു. ഇതോടെ പൈലറ്റ് ടേക്ക് ഓഫ് നടപടികൾ അടിയന്തരമായി റദ്ദാക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ടയർ പൊട്ടുകയും ഹൈഡ്രോളിക് സിസ്റ്റം പൂർണ്ണമായി ചോരുകയും ചെയ്തു. വിമാനത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപകടത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് ഏർപ്പെടുത്തിയ മറ്റൊരു വിമാനത്തിലാണ് ഇവരെ കണ്ണൂരിലെത്തിച്ചത്. ഇത് കാരണം 12 മണിക്കൂറിലധികം വൈകിയാണ് യാത്രക്കാർ നാട്ടിലെത്തിയത്. അപകടത്തിൽപ്പെട്ട വിമാനം ഇപ്പോഴും മസ്കറ്റ് വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയും (OTSB) ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയും (DGCA) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമാൻ അധികൃതരുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും പകരം വിമാനവും ഏർപ്പെടുത്തിയിരുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Story Summary
A major mishap was averted at Muscat Airport on May 15 after a Kannur-bound Air India Express Boeing 737 flight hit runway edge lights during take-off, causing a hydraulic leak and a flat tyre. The take-off was aborted, all passengers safely disembarked, and an investigation by the Oman Transport Safety Bureau is underway.

