ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും (CM VD Satheesan meet PM Modi). സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും കേന്ദ്ര സഹായങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി. സതീശൻ എഐസിസി (AICC) മുൻനിര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഡൽഹിയിലെ കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം സന്ദർശിച്ചു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി (KPCC) പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തതായാണ് വിവരം.
ഇതിനുശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ വി.ഡി. സതീശൻ എത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും ഹൈക്കമാൻഡ് നൽകിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം ദേശീയ നേതാക്കൾക്ക് നേരിട്ട് നന്ദി അറിയിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
Story Summary: Kerala Chief Minister V.D. Satheesan is scheduled to meet Prime Minister Narendra Modi in New Delhi on Tuesday to discuss key state-related issues. Ahead of this, he met top Congress leaders including Mallikarjun Kharge, Sonia Gandhi, and Rahul Gandhi to express gratitude for the high command’s support.

