റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ ഇറാനിൽ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് (Saudi Arabia Attacks Iran). റോയിട്ടേഴ്‌സ് ആണ് പാശ്ചാത്യ-ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. സൗദി അറേബ്യ ആദ്യമായാണ് ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച് അവസാനത്തോടെയാണ് സൗദി വ്യോമസേന ഇറാനിൽ ആക്രമണം നടത്തിയത്. സൗദിക്ക് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായി ‘ടിറ്റ് ഫോർ ടാറ്റ്’ (തിരിച്ചടി) എന്ന നിലയിലായിരുന്നു ഈ നീക്കം. ഇറാനിലെ ഏത് ലക്ഷ്യസ്ഥാനങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമല്ല. പരമ്പരാഗതമായി അമേരിക്കൻ സൈനിക സംരക്ഷണത്തെ ആശ്രയിച്ചിരുന്ന സൗദി അറേബ്യ, യുദ്ധം കനത്തതോടെ സ്വന്തം നിലയിൽ ഇറാനെ നേരിടാൻ തീരുമാനിച്ചത് മേഖലയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തെ സൂചിപ്പിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സും സമാനമായ രീതിയിൽ ഇറാനിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ ഇറാനെ വിവരം അറിയിക്കുകയും നയതന്ത്ര ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന സൗദിയുടെ മുന്നറിയിപ്പിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ലഘൂകരിക്കാൻ ധാരണയിലെത്തി. മാർച്ച് അവസാന വാരത്തിൽ സൗദിക്ക് നേരെ 105 ലധികം ആക്രമണങ്ങൾ ഉണ്ടായ സ്ഥാനത്ത്, ഏപ്രിൽ ആദ്യ വാരത്തോടെ ഇത് 25 ആയി കുറഞ്ഞതായി റോയിട്ടേഴ്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങൾ കുറയ്ക്കാൻ ടെഹ്‌റാൻ തയ്യാറായതാണ് ഇതിന് കാരണം.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാന്റെ മേൽ വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ വ്യാപിക്കുകയായിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് ഇപ്പോഴും സൗദിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.
Summary: Saudi Arabia reportedly launched covert airstrikes on Iranian soil in late March as retaliation for attacks directed at the Kingdom. This marks a significant shift in Saudi’s defense policy, moving towards direct military action against its regional rival. Following the strikes and subsequent diplomatic warnings, both nations reached an informal understanding to de-escalate, leading to a noticeable drop in strikes against Saudi Arabia.

