ബെംഗളൂരു: അനുജൻ പ്രണയിനിയുമായി ഒളിച്ചോടിയതിന് പ്രതികാരമായി യുവാവിന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ബ്യാദരഹള്ളിയിലെ ക്ഷേത്ര പൂജാരിയായ കോട്രേഷിനാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. മർദ്ദനമേറ്റ കോട്രേഷിനെക്കൊണ്ട് അനുജനെ തിരികെ വിളിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.(Man Kidnapped And Assaulted Over Brothers Elopement In Bengaluru)
ബ്യാദരഹള്ളി സ്വദേശിയായ ശിവകുമാർ എന്ന യുവാവും അയൽവാസിയായ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഇരുവരും വീടുവിട്ടിറങ്ങി. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ പിതാവ് ബസവരാജും ബന്ധുക്കളും ചേർന്ന് ശിവകുമാറിന്റെ സഹോദരൻ കോട്രേഷിനെ ലക്ഷ്യം വെക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് എന്ന വ്യാജേന കാറിൽ കയറ്റിക്കൊണ്ടുപോയ കോട്രേഷിനെ ഇവർ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. കൈകാലുകൾ ബന്ധിച്ച ശേഷം, “ശിവൂ, നീ എവിടെയാണെങ്കിലും പെൺകുട്ടിയുമായി ഉടൻ മടങ്ങിവരണം” എന്ന് കരഞ്ഞുപറയുന്ന വീഡിയോ നിർബന്ധിച്ച് ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ കോട്രേഷിന്റെ വീട്ടുകാർക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്.
കോട്രേഷിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്യാദരഹള്ളി പോലീസ് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതികൾക്ക് നോട്ടീസ് നൽകി വിട്ടയച്ചതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Story Summary
A temple priest in Bengaluru was kidnapped and brutally assaulted by the family of a girl who eloped with his younger brother. The attackers recorded a video of the victim pleading with his brother to return and sent it to his family before police intervened.

