തിരുവനന്തപുരം: പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു (V.D. Satheesan vs KC Venugopal). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയത്ത് നടന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അക്രമാസക്തമായി.
‘കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’ എന്ന വാചകത്തോടെ ഉമ്മൻചാണ്ടിയുടെയും കെ.സി. വേണുഗോപാലിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫ്ളക്സ് ബോർഡുകൾ സതീശൻ അനുകൂലികൾ വലിച്ചുകീറി. പകരം വി.ഡി. സതീശന്റെ പോസ്റ്ററുകൾ അവിടെ പതിപ്പിച്ചു.പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന കെപിസിസിയുടെ കർശന നിർദ്ദേശം മറികടന്നാണ് ‘പട നയിച്ചവൻ നാട് ഭരിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി പ്രവർത്തകർ തെരുവിലിറങ്ങിയത്.
തിരുവനന്തപുരത്തിന് പുറമെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും കണ്ണൂർ, തൊടുപുഴ, നെട്ടൂർ എന്നിവിടങ്ങളിലും സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിനെതിരെ പ്രകടനം നടത്തി. എംഎൽഎമാരിൽ ഭൂരിപക്ഷവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതാണ് വി.ഡി. സതീശൻ പക്ഷത്തെ ചൊടിപ്പിച്ചത്. നേരത്തെ ഇടുക്കിയിൽ സതീശന് അനുകൂലമായി പ്രചാരണം നടത്തിയ നാല് നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ നടപടികൾക്കൊന്നും പ്രവർത്തകരുടെ രോഷം തണുപ്പിക്കാനായിട്ടില്ലെന്നാണ് ഇന്നത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തുന്നതിന് തൊട്ടുമുൻപ് നടന്ന ഈ അഴിഞ്ഞാട്ടം കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Story Summary: Internal conflicts within the Congress party over the Chief Minister post have escalated as supporters of V.D. Satheesan held violent protests in Thiruvananthapuram. Defying KPCC’s ban on public demonstrations, protesters tore down posters of K.C. Venugopal and Oommen Chandy, demanding Satheesan be named CM. Similar protests were reported in Kannur, Idukki, and Ernakulam districts.

