തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക ചുവടുവയ്പ്പ് നടത്തും. മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും.(Kerala Chief Minister Selection, High Command To Receive Report Amid Intense Group War)
63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. എന്നാൽ 20-ലധികം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ പട നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഉറച്ചുനിൽക്കുന്നത് സതീശൻ പക്ഷത്തിന് വലിയ ആശ്വാസമാണ്. എംഎൽഎമാരുടെ എണ്ണത്തിനപ്പുറം ജനവികാരവും മുന്നണി മര്യാദകളും ഹൈക്കമാൻഡ് പരിഗണിക്കണമെന്നാണ് ഇവരുടെ വാദം.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനായി ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന വാചകങ്ങളുമായാണ് പ്രവർത്തകർ രംഗത്തുള്ളത്. അതേസമയം, കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ.സി. വേണുഗോപാലിനായി സ്ഥാപിച്ച ഫ്ലക്സിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിച്ച് രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികളും രംഗത്തുണ്ട്. ഹൈക്കമാൻഡ് റിപ്പോർട്ട് പരിശോധിച്ച ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
Story Summary
The race for the Kerala Chief Minister’s post intensifies as AICC observers prepare to submit their report to the High Command today. While KC Venugopal’s camp claims majority support from MLAs, VD Satheesan’s supporters have hit the streets with massive demonstrations and posters, backed by strong support from UDF allies.

