രണ്ടുമാസം മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി
മനിദീപ് റെഡ്ഡിയുടെ (18) മൃതദേഹം ഹെൽസിങ്കിയിൽ കടലിൽ കണ്ടെത്തി. ലാപ്പീന്റാന്റ-ലാഹ്തി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ സോഫ്റ്റ്വെയർ ആന്റ് സിസ്റ്റംസ് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു മനിദീപ് (Manideep Reddy Mysterious Death). മെയ് അഞ്ചിന് ഹെൽസിങ്കിയിലെ ഒരു സൂപ്പർ മാർക്കറ്റിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. ജൂലൈ ഒൻപതിന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിനൊപ്പം ലഭിച്ച ഫിന്നിഷ് ഐഡന്റിറ്റി കാർഡ്, ബാങ്ക് കാർഡ്, ഇന്ത്യൻ കറൻസി എന്നിവ ഉപയോഗിച്ചാണ് മൃതദേഹം മനിദീപിന്റേതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൊലപാതക സാധ്യതകളില്ലെന്നാണ് ഫിൻലൻഡ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനിദീപിന്റെ കുടുംബം ആരോപിച്ചു. മെയ് അഞ്ചിന് കാണാതായെന്ന് പോലീസ് പറയുമ്പോഴും, മെയ് ഒൻപതിനും പത്തിനും മനിദീപിന്റെ യൂണിവേഴ്സിറ്റി അക്കൗണ്ടിൽ ലോഗിൻ നടന്നതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. ഈ വിവരങ്ങൾ പോലീസ് അന്വേഷിച്ചില്ലെന്നും അവർ ആരോപിക്കുന്നു. എന്നാൽ ലോഗിൻ നടന്ന ഐ.പി വിലാസങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഫിന്നിഷ് അധികൃതരുടെ പ്രതികരണം.
Summary: The body of 18-year-old Manideep Reddy, a student from Telangana missing in Finland for two months, has been recovered from the sea in Helsinki. While Finnish police suspect no foul play, the student’s family has raised concerns about potential inconsistencies in the investigation, citing login activity on his university account after his reported disappearance.

