ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുന്നു. ഇതിനിടെ ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി. കേരളത്തിലെ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചു, താൻ ഹാപ്പിയാണ് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തലയുടെ പ്രതികരണം.(Ramesh Chennithala Meets Rahul Gandhi Delhi Kerala CM Selection Update)
മഹാരാഷ്ട്രയിലെ സംഘടന കാര്യങ്ങൾക്കായി എത്തിയതാണെന്ന് വിശദീകരിക്കുമ്പോഴും സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗം ചെന്നിത്തലയ്ക്ക് നിർണ്ണായകമായി. മല്ലികാർജുൻ ഖർഗെയുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾക്കൊപ്പം ചെന്നിത്തലയും പോരാട്ടരംഗത്തുണ്ട്.
ഒരു സമവായ സ്ഥാനാർത്ഥി ആവശ്യമായി വന്നാൽ ചെന്നിത്തലയ്ക്ക് നറുക്കുവീഴാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വിശ്വസിക്കുന്നു. നിരീക്ഷകർ വെള്ളിയാഴ്ചയോടെ കേരളത്തിലെ എംഎൽഎമാരുടെ അഭിപ്രായം ക്രോഡീകരിച്ച് റിപ്പോർട്ട് നൽകും. ശനിയും ഞായറുമായി രാഹുൽ ഗാന്ധിയും ഖർഗെയും നേരിട്ട് നേതാക്കളുമായി ചർച്ച നടത്തും. വി.ഡി. സതീശനോടാണ് ലീഗിന് താല്പര്യമെങ്കിലും ഹൈക്കമാൻഡ് തീരുമാനത്തിന് അവർ എതിരുനിൽക്കാൻ സാധ്യതയില്ല. സംഘടനാപരമായ മികവ് മുൻനിർത്തി കെ.സി. വേണുഗോപാലിനായി ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് രാജ്യം അറിയുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
Story Summary
The race for Kerala’s Chief Minister is reaching its peak as Ramesh Chennithala met Rahul Gandhi and Mallikarjun Kharge in Delhi. While Chennithala termed the meeting positive, the Congress High Command is awaiting a report from observers by Friday, with a final announcement expected by Sunday.

