കൊച്ചി: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ എറണാകുളം പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തിനശിച്ചത്. കനത്ത ചൂടിനെത്തുടർന്ന് സീറ്റ് കത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.(Intense heat, Bike parked in Ernakulam catches fire)
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. ഇവർ ഉടൻതന്നെ തീ അണച്ചതിനാൽ ബൈക്ക് പൂർണ്ണമായും കത്തുന്നത് ഒഴിവാക്കാനായി.
2024-ന് ശേഷം ആദ്യമായി സംസ്ഥാനത്ത് തീവ്രമായ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട്-മൂന്ന് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് പ്രവചനം. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഈ മാസം 26-ന് ശേഷം സംസ്ഥാനത്ത് വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

