തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഓടകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.(Solution to waterlogging, Mayor VV Rajesh intensifies cleaning activities in Trivandrum )
മറ്റു വകുപ്പുകളുടെ കീഴിലെ റോഡുകളിലെ ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ ചൂണ്ടിക്കാട്ടി. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഓടകൾ മൂടിക്കിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.
മറ്റ് വകുപ്പുകളുടെ നടപടിക്കായി കാത്തുനിൽക്കാതെ തൊഴിലാളികൾ നേരിട്ട് മണ്ണ് നീക്കം ചെയ്യാൻ ഇറങ്ങുകയായിരുന്നു. റോഡരികിലെ വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകേണ്ട ‘ഓപ്പണിംഗുകൾ’ അടഞ്ഞുകിടക്കുന്നത് ചെറിയ മഴയിൽ പോലും വലിയ വെള്ളക്കെട്ടിന് കാരണമായിരുന്നു. ഓടകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് അരികിൽ തന്നെയിട്ടാൽ മഴവെള്ളത്തിൽ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ, അവ ഉടൻ തന്നെ വാഹനങ്ങളിൽ നീക്കം ചെയ്യാനും നടപടി സ്വീകരിച്ചു.

