തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പരിശീലകന് 35 വർഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Trivandrum cricket coach POCSO case). തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ എം. മനു (40) വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ ആറ് വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
പ്രതിക്കെതിരെയുള്ള ആറ് പോക്സോ കേസുകളിൽ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ആദ്യ കേസിലെ ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷം മാത്രമേ ഈ കേസിലെ ശിക്ഷാ കാലാവധി ആരംഭിക്കുകയുള്ളൂ. ഇതിനിടെ ഇയാൾക്കെതിരെയുള്ള മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള ശിക്ഷ വരും ശനിയാഴ്ച കോടതി പ്രഖ്യാപിക്കും. ആകെ ആറ് കേസുകളുള്ളതിൽ നാലെണ്ണത്തിന്റെ വിചാരണയാണ് നിലവിൽ പൂർത്തിയായത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കായിക പരിശീലനത്തിനെന്ന വ്യാജേന പെൺകുട്ടിയെ ജിമ്മിലേക്കും കുളിമുറിയിലേക്കും കൊണ്ടുപോയി ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ പകർത്തുകയും, വിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തെത്തുടർന്ന് കുട്ടി പിന്നീട് ഈ കേന്ദ്രത്തിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് പരിശീലനം മാറ്റി.
ഇത്തരത്തിൽ അഞ്ചോളം പെൺകുട്ടികളെ ഇയാൾ സമാനമായ രീതിയിൽ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2024-ൽ തിരുവനന്തപുരത്ത് നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇരയായ ഒരു പെൺകുട്ടി ഈ കോച്ചിനെ കണ്ട് ഭയന്ന് ബഹളം വെച്ചതോടെയാണ് പീഡനവിവരം പുറത്തായത്. ഈ കുട്ടിയുടെ പരാതിക്ക് പിന്നാലെ മറ്റ് കുട്ടികളും ധൈര്യപൂർവ്വം പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ സുരഭി, എച്ച്. രവികൃഷ്ണൻ തമ്പി എന്നിവർ കോടതിയിൽ ഹാജരായി. കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐമാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Story Summary: A Thiruvananthapuram POCSO court has sentenced a cricket coach, M. Manu (40), to 35 years of rigorous imprisonment and fined ₹66,000 for sexually assaulting a minor student during training. This is the second of six cases against the accused to reach a conviction verdict.

