തിരുവനന്തപുരം: പോലീസിനെതിരെ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പോലീസ് സേനയുടെ ഭാഗമായിരുന്നപ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ താൻ “പോടാ, പുല്ലേ” എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.(I have addressed Police officers who commit mistakes like that, says R Sreelekha)
ഗുരുതരമായ തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ താൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീലേഖ ഓർമ്മിപ്പിച്ചു. അഴിമതിക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്തിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്ട്രീയ നേതാവോ പോലീസ് അസോസിയേഷനോ തനിക്കെതിരെ ശബ്ദമുയർത്തിയിട്ടില്ല. വിരമിച്ച ശേഷം ഇത്തരം ഉദ്യോഗസ്ഥരെ വിമർശിക്കുമ്പോൾ മാത്രം ഇവർക്ക് എന്തിനാണ് ഇത്ര പൊള്ളുന്നത് എന്ന് അവർ ചോദിച്ചു.
വട്ടിയൂർക്കാവ് എസ്എച്ച്ഒയെ അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ച നടപടിയെ ശ്രീലേഖ സ്വാഗതം ചെയ്തു. ചെയ്ത അപരാധത്തിന് ഉദ്യോഗസ്ഥനെ മാറ്റിനിർത്താൻ തയ്യാറായ ഡിജിപിക്കും കമ്മീഷണർക്കും അവർ നന്ദി അറിയിച്ചു.

