മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സിനായുള്ള തന്റെ കന്നി സീസണിൽ തന്നെ ‘ക്യാപ്റ്റൻ കൂൾ’ എം.എസ്. ധോണിയുടെ യഥാർത്ഥ പിൻഗാമിയാകാൻ തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജു സാംസൺ (Sanju Samson IPL Century). വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ സെഞ്ച്വറിയിലൂടെ സഞ്ജു ഒരിക്കൽ കൂടി ഐപിഎല്ലിലെ തന്റെ അപ്രമാദിത്വം ഉറപ്പിച്ചു. കേവലം ബാറ്റിംഗ് വിസ്ഫോടനം മാത്രമല്ല, ടീമിനെ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് കരകയറ്റാനുള്ള പക്വതയും സഞ്ജു ഈ ഇന്നിംഗ്‌സിലൂടെ പുറത്തെടുത്തു.
മത്സരശേഷം തന്റെ ബാറ്റിംഗ് സമീപനത്തെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ ഒരു സെറ്റിൽഡ് ബാറ്റ്‌സ്മാൻ അവസാനം വരെ ക്രീസിലുണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു ശൈലിയിൽ കളിക്കുന്നതിനേക്കാൾ കളിയുടെ സാഹചര്യം ആവശ്യപ്പെടുന്നത് പോലെ ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. ടീം ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം,” സഞ്ജു പറഞ്ഞു. വിക്കറ്റുകൾ കൈവശമുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നേരത്തെ താൻ ആക്രമിച്ച് കളിക്കുമായിരുന്നുവെന്നും 101 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു കൂട്ടിച്ചേർത്തു.
സിഎസ്കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിന് ഈ സീസണിൽ ഇതുവരെ വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, സഞ്ജുവിന്റെ ഈ പ്രകടനം ചെന്നൈയ്ക്ക് വലിയ കരുത്താണ് നൽകുന്നത്. മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ ടീം കാണിച്ച പോരാട്ടവീര്യം പ്രശംസനീയമാണെന്നും ഈ വിജയത്തുടർച്ച മുന്നോട്ട് കൊണ്ടുപോകാനാണ് ടീം ആഗ്രഹിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.
Summary: In his debut season for Chennai Super Kings (CSK), Sanju Samson proved to be a worthy successor to MS Dhoni by scoring a brilliant unbeaten 101 against Mumbai Indians at Wankhede Stadium. Amidst Ruturaj Gaikwad’s struggle for big scores, Samson anchored the innings with maturity, adapting his play as wickets fell at the other end. After the match, Samson emphasized the importance of taking responsibility and playing according to the situation rather than sticking to a preconceived mindset. He credited the team’s character and momentum as they aim to continue their winning run in the IPL.

