തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 41.9 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.(Heat wave fears continue in the state, Orange alert in three districts)
ചൂട് റെഡ് അലർട്ടിലേക്ക് കടക്കില്ലെന്നാണ് പ്രാഥമിക സൂചനയെങ്കിലും സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് കൊല്ലം ജില്ലാ കളക്ടർ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29 വരെ എല്ലാ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും, സമ്മർ ക്യാമ്പുകൾക്കും അവധി നൽകി. കുട്ടികൾ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകൾക്കാണ് നിരോധനം ബാധകം.
പുറംജോലികളിൽ ഏർപ്പെടുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ് കർശനമായി നടപ്പിലാക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, അതിഥി തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നൽകും. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് വകുപ്പിന് നിർദ്ദേശം നൽകി.
ചൂടിനെ പ്രതിരോധിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പ്രധാന ട്രാഫിക് സിഗ്നലുകളിലും മാർക്കറ്റുകളിലും വെയിലിനെ പ്രതിരോധിക്കാൻ ഗ്രീൻ ഷെയ്ഡ് നെറ്റുകൾ സ്ഥാപിക്കും. പൊതുസ്ഥലങ്ങളിൽ ശുദ്ധജല വിതരണത്തിനായി തണ്ണീർപ്പന്തലുകൾ ഉറപ്പാക്കും. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ചൂട് മൂലമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണം. ഉൾനാടൻ, ആഴക്കടൽ മത്സ്യത്തൊഴിലാളികൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.
വേനൽക്കാലത്ത് തീപിടുത്തം വർധിക്കാൻ സാധ്യതയുള്ളതിനാൽ അഗ്നിരക്ഷാ സേനയും, വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പും അതീവ ജാഗ്രത പാലിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും, കഠിനമായ വെയിലത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കുക.

