തിരുവനന്തപുരം: തമിഴ്നാട് വാൽപ്പാറയിൽ ഒൻപത് മലയാളികളുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും മരിച്ച വാർത്ത കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.(Valparai disaster, Kerala in shock; Prime Minister, Chief Minister and Opposition Leader express condolences)
തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതീവ ദുഃഖം തോന്നിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്തെ സ്കൂൾ അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വളരെ വേദനാജനകമായ വാർത്തയാണ് വാൽപ്പാറയിൽ നിന്ന് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക അജിത ഉൾപ്പെടെ ഒൻപത് പേരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

