Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKerala'ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ': നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധമിരമ്പി; ക്യാമ്പസിനുള്ളിൽ സംഘർഷം,...

‘ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ’: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധമിരമ്പി; ക്യാമ്പസിനുള്ളിൽ സംഘർഷം, പങ്കുചേർന്ന് വിദ്യാർത്ഥികളും | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു, എംഎസ്എഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബിജെപി, മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ കോളേജിലേക്ക് പ്രതിഷേധവുമായെത്തി.(Protests erupt over Nitin Raj’s death, Clashes break out on campus)

ഉച്ചയ്ക്ക് 12 മണിയോടെ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് കോളേജിനുള്ളിലേക്ക് ഇരച്ചുകയറി. ഓഫീസിന് മുന്നിലെ ചില്ലുകളും ചെടിച്ചട്ടികളും പ്രതിഷേധക്കാർ തകർത്തു. നിതിന്റെ മരണത്തിൽ മാനേജ്‌മെന്റിന് മനുഷ്യത്വമില്ലാത്ത സമീപനമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. അധ്യാപകൻ റാം ഉൾപ്പെടെയുള്ളവരെ പുറത്താക്കണമെന്നും സസ്‌പെൻഷനിൽ നടപടി ഒതുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ തന്നെ പ്രതിഷേധവുമായെത്തിയ കെഎസ്‌യു നേതാക്കളെ പോലീസ് തടഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സി‌പി‌എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നിതിനെ വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പി.കെ. ശ്യാമള, എൻ. സുകന്യ എന്നിവരുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് കാരണമായി. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ അധ്യാപകരായ എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്യാമ്പസിലെ വിദ്യാർത്ഥികളും ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കോളേജ് പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.