തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി മേഖലയിലെ കരിഞ്ചന്തയും അനധികൃത വിതരണവും തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി. ആറ്റിങ്ങലിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പൊതുമേഖലാ കമ്പനികളുടെ 600-ലധികം എൽപിജി സിലിണ്ടറുകൾ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു.(Illegal LPG storage and black marketing, Several cylinders seized)
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്തവയിൽ ഗാർഹിക, വാണിജ്യ സിലിണ്ടറുകളടക്കം ഉൾപ്പെടുന്നു. പിടിച്ചെടുത്ത സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചവയും ശൂന്യമായവയുമുണ്ട്. ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കാനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു.
രണ്ട് വ്യത്യസ്ത കേസുകളിലായി ഹോട്ടലുകളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഏപ്രിൽ 10-ന് രാത്രി സാധുവായ രേഖകളില്ലാതെ വാഹത്തിൽ കടത്തുകയായിരുന്ന 50 വാണിജ്യ സിലിണ്ടറുകൾ പോലീസും സിവിൽ സപ്ലൈസ് അധികൃതരും ചേർന്ന് കസ്റ്റഡിയിലെടുത്തു. 1955-ലെ അവശ്യസാധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു.

