കൊച്ചി: മാസങ്ങൾക്ക് മുൻപേ പണം സ്വരൂപിച്ച് കൃത്യമായ പദ്ധതികളോടെ നടത്തുന്ന പരമ്പരാഗതമായ യാത്രകളോട് പുതുതലമുറയ്ക്ക് താല്പര്യമില്ലെന്ന് പ്രമുഖ ആഗോള ഹോംസ്റ്റേ ശൃംഖലയായ എയർബിഎൻബിയുടെ (Airbnb Gen Z travel trends India report) ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ഇന്ത്യയിലെ പുതിയ തലമുറയുടെ യാത്രാ രീതികളെക്കുറിച്ച് തയാറാക്കിയ ‘നെവർ ദി സെയിം: ദി ന്യൂ റൂൾസ് ഓഫ് ജെൻ സി ട്രാവൽ ഇൻ ഇന്ത്യ’ (Never the Same: The New Rules of Gen Z Travel in India) എന്ന റിപ്പോർട്ടിലാണ് കൗതുകകരമായ ഈ വിവരങ്ങളുള്ളത്. വർഷത്തിലൊരിക്കൽ നടത്തുന്ന നീണ്ട അവധിക്കാല യാത്രകളേക്കാൾ, മുൻകൂട്ടി പ്ലാൻ ചെയ്യാതെ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളിലൂടെയുള്ള ചെറിയ യാത്രകളാണ് ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രിയം.
ഇനി ട്രെൻഡ് ഹ്രസ്വ യാത്രകൾ
നീണ്ട വാർഷിക അവധിക്കാലങ്ങൾ ആഘോഷിക്കുന്ന പഴയ ശൈലിയിൽ നിന്നും ജെൻ സി (Gen Z) പൂർണ്ണമായും മാറിചിന്തിക്കുന്നു. റിപ്പോർട്ട് പ്രകാരം പഠനത്തിൽ പങ്കെടുത്ത പത്തിൽ ഏഴ് പേരും (70%) കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത് പെട്ടെന്ന് പോയി വരാവുന്ന ചെറിയ യാത്രകളോടാണ്. യാതൊരുവിധ മുൻകൂർ ആസൂത്രണവുമില്ലാതെ, പെട്ടെന്നുണ്ടാകുന്ന തോന്നലുകളിൽ യാത്ര തിരിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത യാത്ര ബുക്ക് ചെയ്യുന്ന ശീലവും ഈ തലമുറയ്ക്കുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാഴ്ചകളേക്കാൾ വലുത് ‘യൂണിക് സ്റ്റേ’
യാത്ര പോകുന്ന സ്ഥലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ട് തീർക്കുന്നതിനേക്കാൾ, യാത്രയുടെ പകുതിയിലധികം സമയവും തങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ തന്നെ ചെലവഴിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും ഒരു യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് തന്നെ അവിടെ ലഭ്യമാകുന്ന മികച്ചതും വ്യത്യസ്തവുമായ താമസസൗകര്യം നോക്കിയാണ്. പരമ്പരാഗത ഹോട്ടലുകൾ നൽകുന്ന ഇടുങ്ങിയ മുറികളേക്കാൾ, സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ച് കൂടിയിരിക്കാൻ കഴിയുന്ന വലിയ ലിവിങ് റൂമുകൾ, സ്വന്തമായി പാചകം ചെയ്യാനുള്ള അടുക്കള സൗകര്യം, രാത്രികളിൽ സംസാരിച്ചിരിക്കാൻ പാകത്തിലുള്ള ടെറസ്സ് അല്ലെങ്കിൽ പുൽത്തകിടികൾ എന്നിവയുള്ള ഹോംസ്റ്റേകളും വില്ലകളുമാണ് ഇവരുടെ പ്രിയപ്പെട്ട ഇടങ്ങൾ.
എവിടെ പോകുന്നു എന്നതല്ല, ‘ആരോടൊപ്പം’ എന്നത് പ്രധാനം
“എവിടെ പോകുന്നു എന്നതിനേക്കാൾ പ്രധാനം ആരോടൊപ്പം പോകുന്നു എന്നതാണ്” എന്ന ചിന്താഗതിയാണ് പുതിയ യാത്രാ സംസ്‌കാരത്തെ നയിക്കുന്നത്. ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഒപ്പമുള്ള സുഹൃത്തുക്കളെ നിശ്ചയിക്കുകയും, അതിന് ശേഷം മാത്രം പോകേണ്ട സ്ഥലവും താമസിക്കേണ്ട ഇടവും തിരഞ്ഞെടുക്കുകയുമാണ് ഇവരുടെ രീതി. ഹോട്ടലുകളിൽ വെവ്വേറെ മുറികൾ എടുത്ത് താമസിക്കുന്നതിനേക്കാൾ, ഗ്രൂപ്പായി ഒന്നിച്ച് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ വീടുകൾ പങ്കിട്ട് താമസിക്കാൻ പകുതിയിലധികം പേരും താല്പര്യപ്പെടുന്നു. ചുരുക്കത്തിൽ, കാഴ്ചകൾ കാണുന്നതിനപ്പുറം ഒപ്പമുള്ളവരുമായി പങ്കിടുന്ന അനുഭവങ്ങൾക്കാണ് (Experiences) പുതുതലമുറ യാത്രികർ ഒന്നാം സ്ഥാനം നൽകുന്നത്.
Story Summary: According to Airbnb’s ‘Never the Same: The New Rules of Gen Z Travel in India’ report, India’s Gen Z prefers spontaneous, short trips over planned annual vacations. They prioritize shared homestays and the company of friends over tourist destinations.

