കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന കൊക്കെയ്ൻ വേട്ടയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ലഹരി സംഘങ്ങൾക്കിടയിലെ ‘ദാദ’യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഇയാളുടെ വൻതോതിലുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.(Drug bust in Kochi, main accused’s money transactions are being investigated, Investigation into cruise parties)
കഴിഞ്ഞ വർഷം ഷോണും സംഘവും സംഘടിപ്പിച്ച ലഹരി പാർട്ടികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ എട്ടു മണി വരെ നീളുന്ന രീതിയിലായിരുന്നു പാർട്ടികൾ ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഷോണിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലേക്കും ലഹരി എത്തിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൂയിസ് പാർട്ടികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഇന്നലെ നടന്ന റെയ്ഡിൽ കൊക്കെയ്നുമായി പിടിയിലായവരിൽ ഒരു ഡോക്ടറും അഭിഭാഷകനും ഉൾപ്പെടുന്നു. ഇവരുടെ പ്രൊഫഷണൽ ബന്ധങ്ങൾ ലഹരി കടത്തിനായി ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

