കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ‘കട്ടിളപ്പാളി’ കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.(Sabarimala gold theft case, SIT files appeal in High Court to cancel Thantri’s bail
സ്വർണ്ണക്കൊള്ളയിൽ കണ്ഠര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതിന് ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട കൃത്യമായ ചട്ടങ്ങൾ അറിയാവുന്ന തന്ത്രിയുടെ അനുമതിയോടെയാണ് ക്രിമിനൽ ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. തെളിവുകളുടെ കണിക പോലും തന്ത്രിക്കെതിരെ ഇല്ലെന്ന് നിരീക്ഷിച്ചാണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഈ കാര്യങ്ങളൊന്നും ശരിയായി പരിശോധിക്കാതെയാണ് വിധി വന്നതെന്ന് എസ്ഐടി ഹൈക്കോടതിയിൽ വാദിച്ചു.

