എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (CPM – BJP deal in more constituencies, VD Satheesan against CM and CPM )
പാലക്കാട് ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ ഇത്തരത്തിൽ ‘ഡീൽ’ നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പറവൂർ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ വിമർശനങ്ങളും സതീശൻ ഉന്നയിച്ചു.
ഔദ്യോഗിക വാഹനം ഒഴിവാക്കി ആർഎസ്എസ് നേതാക്കളുമായി ചർച്ചയ്ക്ക് പോയ ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും 1977-ൽ ആർഎസ്എസ് വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചതെന്നും സതീശൻ ഓർമ്മിപ്പിച്ചു. ആ പഴയ ചരിത്രങ്ങൾ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നിൽ ഒത്തുതീർപ്പാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന ഇടത് മുന്നണിയുടെ വിമർശനത്തെ സതീശൻ പരിഹസിച്ചു. കൊല്ലത്ത് മത്സരിക്കുമ്പോൾ മുകേഷ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നോ എന്നായിരുന്നു സതീശന്റെ ചോദ്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക നൽകി. രാജീവ് ഭവനിൽ നിന്ന് പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിൽ പത്രിക സമർപ്പിച്ചത്. പ്ലാച്ചിമട സമര സമിതിയാണ് വി.ഡി. സതീശന് കെട്ടിവെക്കാനുള്ള തുക നൽകിയത് എന്നത് ശ്രദ്ധേയമായി.
മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവർത്തകരും സതീശനൊപ്പം ഉണ്ടായിരുന്നു. മറ്റു പ്രധാന മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ആവേശത്തോടെ പത്രികാ സമർപ്പണം പൂർത്തിയാക്കി. പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയും ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാർത്ഥി മേജർ രവിയും പത്രിക നൽകി. മുൻ സൈനികരായ സുഹൃത്തുക്കളാണ് മേജർ രവിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.
വിവിധ മുന്നണികളിലെ പ്രധാന സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിച്ചു. യു ഡി എഫിൽ നിന്ന് അപു ജോൺ ജോസഫ് (തൊടുപുഴ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), കെ.എസ്. ശബരീനാഥൻ (നേമം), പി.കെ. ഫിറോസ് (കൊടുവള്ളി), പി.വി. അൻവർ (ബേപ്പൂർ) എന്നിവരും, എൽ ഡി എഫിൽ നിന്ന് എ.കെ. ശശീന്ദ്രനും (എലത്തൂർ), എൻഡിഎയിൽ നിന്ന് ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), അഖിൽ മാരാർ (തൃക്കാക്കര), ശ്യാംരാജ് (മാനന്തവാടി) എന്നിവരും, പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വി. കുഞ്ഞികൃഷ്ണനും പത്രിക നൽകി.

