കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് വീടിന്റെ മതിൽ തകർത്ത് കിടപ്പുമുറിക്ക് തൊട്ടടുത്ത് വന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. (Private bus loses control in Kozhikode, crashes into wall and crashes into house)
അപകടസമയത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കരാടിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. മതിൽ തകർത്തതോടെ ബസിന്റെ വേഗത കുറഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
എങ്കിലും വീടിന്റെ ചുമരിലും ഗ്ലാസുകളിലും ഉപകരണങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. പരിക്കേറ്റ ബസ് ഡ്രൈവർ ഉടൻ തന്നെ ചികിത്സ തേടി. വലിയ ശബ്ദം കേട്ടും പുക ഉയരുന്നത് കണ്ടുമാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

