കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തന്റെ രാഷ്ട്രീയ തട്ടകമായ കണ്ണൂരിനെ സാക്ഷിയാക്കി വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത്.(There is no Kannur that I don’t know, K Sudhakaran with a note in Social media)
കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറയുന്നതാണ് സുധാകരന്റെ കുറിപ്പ്. “കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്” എന്ന് അദ്ദേഹം കുറിച്ചു. കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ താൻ എന്നും മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കല്ലിൽ നിന്നും, കത്തിയിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. കണ്ണൂർ രക്തം വീണ മണ്ണാണെന്നും പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മരണം വരെ ആ മണ്ണിന് വേണ്ടി ത്രിവർണ്ണ പതാകയേന്തി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് ഒരുപക്ഷേ മറക്കാൻ സാധിക്കുമായിരിക്കും, എന്നാൽ തനിക്ക് അത് മരണത്തിലും മറക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ വീടിനെയോ വീട്ടുകാരെയോ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കണ്ണൂരിലെ ഓരോ നേതാവും തന്റെ കൈപിടിച്ച് വളർന്നവരാണെന്നും സുധാകരൻ പറയുന്നു.

