ആലപ്പുഴ: പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ച് നാശനഷ്ടം. രാവിലെയാണ് പള്ളാത്തുരുത്തി പൂന്തിരം ഭാഗത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ചത്. ‘അനാഹിത’, ‘കാതറിൻ’ എന്നീ ഹൗസ്ബോട്ടുകളാണ് പൂർണ്ണമായും കത്തിയമർന്നത്. ഇതിൽ ഒരു ബോട്ട് കത്തിയതിനെത്തുടർന്ന് കായലിലേക്ക് താഴ്ന്നുപോയി.(Houseboats catch fire in Alappuzha, Two boats charred)
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ബോട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
ഒരു ബോട്ടിൽ നിന്ന് തുടങ്ങിയ തീ അതിവേഗം തൊട്ടടുത്തുള്ള ഹൗസ്ബോട്ടിലേക്കും പടരുകയായിരുന്നു. ആറ് ബെഡ്റൂമുകളുള്ള ഒരു ബോട്ടും നാല് ബെഡ്റൂമുകളുള്ള മറ്റൊരു ബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

