തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ “മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ” എന്ന പ്രചാരണ മുദ്രാവാക്യം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കി, ഇതേ മുദ്രാവാക്യത്തെ തിരിച്ചടിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.(Youth Congress mocks LDF regarding its new statement)
കക്കാനും കയ്യിട്ടുവാരനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന കുറിപ്പോടെ മറുപടി പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ‘കക്കുക മുക്കുക’ എന്ന ഹാഷ്‌ടാഗോടെയാണ് പ്രതിപക്ഷം ഈ കാമ്പയിൻ ഏറ്റെടുത്തിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ ‘എല്ലാം ശരിയാകും’, ‘ഉറപ്പാണ് എൽഡിഎഫ്’ എന്നീ ഹിറ്റ് മുദ്രാവാക്യങ്ങളെ കടത്തിവെട്ടാൻ എൽഡിഎഫ് അവതരിപ്പിച്ച പുതിയ വാചകത്തെ ഭരണവിരുദ്ധ വികാരം ഉണർത്താനാണ് യുഡിഎഫ് ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന നേട്ടങ്ങൾക്കും ജനകീയ പദ്ധതികൾക്കുമാണ് ഇടതുമുന്നണി മുൻഗണന നൽകുന്നത്. സ്കൂളുകളുടെ നവീകരണം, വാട്ടർ മെട്രോ, ക്ഷേമ പെൻഷനുകൾ എന്നിവ മുൻനിർത്തിയാണ് സർക്കാർ പ്രചാരണം മുന്നോട്ട് പോകുന്നത്. അഴിമതിയും ഭരണവിരുദ്ധ വികാരവും ചർച്ചയാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു.

