പാലക്കാട്: രാജ്യത്ത് വ്യാപകമാകുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചവരില്‍ നിന്നും കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Digital arrest scam, Attempt to trap Kongad MLA)
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച ഫോൺ നമ്പറുകളിൽ ഒന്നാണിതെന്ന വ്യാജേനയാണ് എം.എൽ.എയ്ക്ക് കോൾ എത്തിയത്. ആദ്യം ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ച തട്ടിപ്പുകാർ പിന്നീട് മലയാളത്തിലും ഭീഷണി മുഴക്കി.
മുംബൈയിലെ ഒരു ബാങ്കിൽ ശാന്തകുമാരിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലെ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇവർ വാദിച്ചു. ചോദ്യം ചെയ്യലിനായി ഒറ്റപ്പെട്ട മുറിയിലേക്ക് മാറാനും നിർദ്ദേശങ്ങൾ പാലിക്കാനും ഇവർ ആവശ്യപ്പെട്ടു. പോലീസിന്റെ യൂണിഫോം ധരിച്ച വ്യക്തി വീഡിയോ കോളിൽ വന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. ഇതിനിടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇവർ ചോദിച്ചറിഞ്ഞു.
സംസാരത്തിൽ സംശയം തോന്നിയ എം.എൽ.എ ഉടൻ തന്നെ വീഡിയോ കോൾ കട്ട് ചെയ്യുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. എം.എൽ.എയുടെ ഡ്രൈവർ കുഴൽമന്ദം പോലീസിൽ ഉടൻ വിവരം കൈമാറി. പിന്നീട് പലതവണ തട്ടിപ്പുകാർ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ എം.എൽ.എ തയ്യാറായില്ല.

