HomeCrimeബെംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ |...

ബെംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ | Bengaluru gang rape

ബെംഗളൂരു: അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ദാവൻഗരെ കൗൺസിലറുടെ മകൻ അനിരുദ്ധ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിഖിൽ (34), ഡിക്സൺ സാന്ദ്ര (21), ശ്രാവൺ, മോഹിത് ജെയിൻ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ഫെബ്രുവരി 14-ന് 19 വയസ്സുകാരിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അന്വേഷണം ഈ സംഘത്തിലേക്ക് എത്തിയത്.(Bengaluru gang rape, 5 people including councilor’s son arrested)

ഹാസൻ സ്വദേശിയായ നിഖിലാണ് സംഘത്തിലെ പ്രധാനികളിലൊരാൾ. ഡിക്സൺ സാന്ദ്ര പശ്ചിമ ബംഗാൾ സ്വദേശിയായ 21-കാരൻ ആണ്. അനിരുദ്ധ് ദാവൻഗരെ കൗൺസിലറുടെ മകനാണ്, പീഡനം നടന്ന വില്ല ബുക്ക് ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ശ്രാവൺ, മോഹിത് ജെയിൻ എന്നിവർ നിഖിലിന്റെ സുഹൃത്തുക്കളാണ്, ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ്. മോഹിത്തിന്റെ കാറിലാണ് പെൺകുട്ടിയെ മാളിന് സമീപം കൊണ്ടുവിട്ടത്.

ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ വിദ്യാർത്ഥിനികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയുമാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഫോട്ടോഷൂട്ട്, മോഡലിംഗ്, പാർട്ടികൾ എന്നിവ വാഗ്ദാനം ചെയ്ത് പബ്ബുകളിലും കഫേകളിലും വെച്ച് കാണും. ആദ്യഘട്ടത്തിൽ മാന്യമായി പെരുമാറി വിശ്വാസം നേടിയെടുക്കും. സൗഹൃദം ശക്തമാകുമ്പോൾ സ്വകാര്യ വില്ലകളിലേക്ക് പാർട്ടിക്കെന്ന പേരിൽ ക്ഷണിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിക്കും. നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തുന്നതും ഇവരുടെ രീതിയായിരുന്നു.

കേസിൽ ഇതിനോടകം ഏഴ് പേർ സാക്ഷികളായിട്ടുണ്ട്. പ്രതികളുടെ സാമ്പിളുകൾ ശേഖരിച്ചു. സംഘത്തിന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് നിരവധി വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി.

Clickable Info Box